< Back
Kerala
വട്ടിപ്പലിശക്കാരിയായ സ്ത്രീ എന്‍റെ ജീവിതം കരുവാക്കി, സത്യം കാലം തെളിയിക്കും: അഞ്ജലി
Kerala

വട്ടിപ്പലിശക്കാരിയായ സ്ത്രീ എന്‍റെ ജീവിതം കരുവാക്കി, സത്യം കാലം തെളിയിക്കും: അഞ്ജലി

Web Desk
|
13 Feb 2022 10:43 AM IST

താൻ മോശം രീതിയിലേക്ക് കൊണ്ടുപോയെന്ന് ഓഫീസിലെ ഒരു ജീവനക്കാരിയും പറയില്ലെന്ന് അഞ്ജലി

ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതി അഞ്ജലി റീമ ദേവ്. തെറ്റ് ചെയ്തിട്ടില്ല. വട്ടിപ്പലിശക്കാരിയായ സ്ത്രീ തന്റെ ജീവിതം കരുവാക്കി. സത്യം കാലം തെളിയിക്കുമെന്നും അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു.

19 വയസ് മുതൽ കഷ്ടപ്പെട്ട് താൻ നേടിയ ഉന്നതിയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. പലർക്കും താൻ പണം കൊടുക്കാനുണ്ട്. അതിന് കണക്കുണ്ട്. ബിസിനസ് ശക്തിപ്പെടുത്താൻ പണം കടം വാങ്ങിയിട്ടുണ്ട്. താൻ മോശം രീതിയിലേക്ക് കൊണ്ടുപോയെന്ന് ഓഫീസിലെ ഒരു ജീവനക്കാരിയും പറയില്ല. തന്നെ നശിപ്പിക്കാൻ ചിലർ നടത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഞ്ജലി പറയുന്നു.

തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഡീലർ, ഹണിട്രാപ്പ്, കള്ളപ്പണം, പണംതട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെല്ലാം ആരാണ് ചെയ്യുന്നതെന്ന് അറിയാം. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ യഥാർഥ മുഖം പുറത്തുകൊണ്ടുവരുമെന്നും അഞ്ജലി പറഞ്ഞു.

കോഴിക്കോട് സ്വദേശിനിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ഫോർട്ട്‌ കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസെടുത്തത്. ഫോർട്ട്‌ കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുഹൃത്ത് സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയും പ്രതികളാണ്.

2021 ഒക്ടോബറിൽ ഹോട്ടലിൽ വെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്തതോടെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മോഡലുകള്‍ സഞ്ചരിച്ച കാര്‍, അപകടം നടക്കുന്ന സമയത്ത് സൈജു പിന്തുടര്‍ന്നിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മോഡലുകള്‍ മരിച്ചത്. അന്നത്തെ ദിവസം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ച സംഭവത്തിലാണ് റോയിയെ അറസ്റ്റ് ചെയ്തത്. മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റോയിക്കും സുഹൃത്തുക്കള്‍ക്കുമെതിരായ പോക്സോ കേസും അന്വേഷിക്കും.

Similar Posts