< Back
Kerala
Another cable entanglement accident in Kochi
Kerala

കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം: ബൈക്ക് യാത്രികന് പരിക്ക്

Web Desk
|
21 Feb 2023 12:12 PM IST

എംജി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം

കൊച്ചി: കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. യാത്രക്കിടെ കഴുത്തിൽ കേബിൾ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. അഭിഭാഷകനായ കുര്യനാണ് പരിക്കേറ്റത്. എംജി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം.

രാവിലെ മകളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കേബിൾ കുടുങ്ങി വണ്ടിയിൽ നിന്ന് താഴെ വീണ കുര്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊച്ചിയിൽ കേബിൾ കുടുങ്ങി അപകടം തുടർക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകൾ എത്രയും വേഗം മാറ്റണമെന്ന് മന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് തൊട്ടു പിന്നാലെയാണിപ്പോൾ വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നേരത്തെയും ഫോർട്ട് കൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ കേബിൾ കുടുങ്ങി അപകടമുണ്ടായിരുന്നു. ഫോർട്ട്‌കൊച്ചിയിൽ കോട്ടയം സ്വദേശിയായ അനിൽകുമാറിന്റെ കഴുത്തിൽ കേബിൾ കുടുങ്ങിയ സംഭവത്തിന് ശേഷമാണ് മന്ത്രി യോഗം വിളിച്ച് കർശന നിർദേശം നൽകിയത്.

Similar Posts