< Back
Kerala
tiger
Kerala

വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; ദ്രുതകർമ സേനാംഗം ജയസൂര്യക്ക് പരിക്ക്

Web Desk
|
26 Jan 2025 11:35 AM IST

തിരച്ചിലിനിടയിലാണ് ആക്രമണം ഉണ്ടാകുന്നത്

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. ദ്രുതകർമ സേനാംഗം ജയസൂര്യക്ക് ആക്രമണത്തിൽ പരിക്കേറ്റു. തറാട്ടിൽ മേഖലയിലാണ് ആക്രമണമുണ്ടായത്. വലത് കൈക്കാണ് കടിയേറ്റത്. പരിക്ക് ഗുരുതരമല്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കടുവക്ക് വെടിയേറ്റതായി സൂചനയുണ്ട്.

കടുവയുടെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റിൽ ഉന്നതതല യോഗം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇതിൽ പ​ങ്കെടുക്കുന്നുണ്ട്.

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കഴിഞ്ഞദിവസം ആദിവസി സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ കടുവക്കായി വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകീട്ട് കടുവയെ കണ്ട പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയും ഉപയോഗിച്ചാണ് തിരച്ചിൽ. ഇതിനിടയിലാണ് ആക്രമണം ഉണ്ടാകുന്നത്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്.

കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കടുവയെ പിടികൂടാൻ ഇന്നലെ ഒരു കൂടു കൂടി സ്ഥാപിച്ചിരുന്നു.

അതേസമയം, വയനാട് കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. പെരുന്തട്ട സ്വദേശി ശൺമുഖന്റെ പശുവിനെ പുലി കൊന്നു. ഇന്ന് പുലർച്ചയായിരുന്നു ആക്രമണം.

Similar Posts