< Back
Kerala
പണം തിരികെ നൽകിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതം; കെ.പി ഉദയഭാനുവിന് വക്കീൽ നോട്ടീസയച്ച് ആന്‍റോ ആന്‍റണി എംപി
Kerala

'പണം തിരികെ നൽകിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതം'; കെ.പി ഉദയഭാനുവിന് വക്കീൽ നോട്ടീസയച്ച് ആന്‍റോ ആന്‍റണി എംപി

Web Desk
|
10 Feb 2026 1:49 PM IST

ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംപി വക്കീൽ നോട്ടീസയച്ചത്

പത്തനംതിട്ട: നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്ന് പണം വാങ്ങിയെന്ന അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംപി വക്കീല്‍ നോട്ടീസയച്ചത്. നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മാപ്പ് പറയേണ്ടത് ആന്റോ ആന്റണിയാണെന്നും കെ.പി ഉദയഭാനു പ്രതികരിച്ചു.

'പണം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന കാര്യം എന്‍.എന്‍ രാജു വ്യക്തമാക്കിയതാണ്. കൊടുത്തയാളും വാങ്ങിച്ചയാളും അത് പറഞ്ഞുകഴിഞ്ഞു. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടും. ഞാനെന്തിന് മാപ്പുപറയണം? ഞാനിങ്ങനെ പൈസ വാങ്ങിച്ച് ആവശ്യം വന്നപ്പോള്‍ തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആന്റണിയല്ലേ മാപ്പ് പറയേണ്ടത്'. ഉദയഭാനു വ്യക്തമാക്കി.

തന്ത്രിയുടെ രണ്ടര കോടി രൂപ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞപ്പോള്‍ ആന്റണി പണം പിന്‍വലിച്ചെന്നും എസ്‌ഐടി അന്വേഷണം വേണമെന്നതുമടക്കമായിരുന്നു ഉദയഭാനുവിന്റെ ആരോപണം. ഇതിനെതിരെയാണ് ആന്റോ ആന്റണി വക്കീല്‍ നോട്ടീസയച്ചത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉദയഭാനു ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് നോട്ടീസില്‍.

അതേസമയം, തെരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തിക ക്രമക്കേടില്‍ അകപ്പെട്ട പത്തനംതിട്ട എംപി ആന്റോ ആന്റണിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് എംപി തുക വാങ്ങിയെന്ന് സമ്മതിച്ചുവെന്നും വരവുചെലവ് കണക്കുകളില്‍ തുകയുണ്ടോയെന്നും പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്.

Similar Posts