
കെപിസിസി പുനഃസംഘടനയിൽ ആൻ്റോ ആൻ്റണിക്ക് അതൃപ്തി; വിനയായത് മുതിർന്ന നേതാക്കളുടെ എതിർപ്പ്
|പ്രതിപക്ഷ നേതാവാണ് സണ്ണി ജോസഫിന്റെ പേര് രാഹുൽ ഗാന്ധിയോട് നിർദേശിച്ചത്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് ആൻ്റോ ആൻ്റണി. മുതിർന്ന നേതാക്കളുടെ എതിർപ്പാണ് ആന്റോ ആന്റണിക്ക് വിനയായത്. മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കം ആന്റോ ആന്റണിയെ എതിർക്കുകയും ഇക്കാര്യം രാഹുൽഗാന്ധി പ്രതിപക്ഷ നേതാവിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് മറ്റൊരു പേര് നിർദേശിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സണ്ണി ജോസഫിന്റെ പേര് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ചത്. പുനഃസംഘടനയിൽ വർക്കിങ് പ്രസിഡണ്ടന്റുമാരുടെ മാറ്റമടക്കമുള്ള പാക്കേജായിട്ട് വേണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ചിരുന്നു.
ഇന്ന് വൈകിട്ടാണ് അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു.