< Back
Kerala
എമ്പുരാന്‍റെ കഥ മോഹൻലാലിന് അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല: ആന്‍റണി പെരുമ്പാവൂര്‍
Kerala

'എമ്പുരാന്‍റെ കഥ മോഹൻലാലിന് അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല': ആന്‍റണി പെരുമ്പാവൂര്‍

Web Desk
|
1 April 2025 11:23 AM IST

മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നുമില്ല

കൊച്ചി: എമ്പുരാൻ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവർത്തകർ ഒരുമിച്ച് എടുത്തതെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. ആരുടെയും നിർദേശ പ്രകാരമല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാത്ത സിനിമകളുണ്ടാക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. സിനിമയുടെ കഥ മോഹൻലാലിന് അറിയാമായിരുന്നുവെന്നും ആന്‍റണി വ്യക്തമാക്കി. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല. കാരണം എല്ലാവര്‍ക്കും കഥയറിയാം.

സിനിമയെ സംബന്ധിച്ച് മോഹൻലാലിനും ബാക്കിയുള്ളവർക്കും കൃത്യമായിട്ടുള്ള ധാരണയുണ്ടായിരുന്നു. പൃഥ്വിരാജിനെ ആരും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ കാലമായി അറിയാവുന്ന ആളുകളാണ് ഞങ്ങൾ. ഈ സിനിമ നിര്‍മിക്കണമെന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ-എഡിറ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വിയോജിപ്പുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ..ആന്‍റണി പറഞ്ഞു.

അതേസമയം വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. 3 മിനിറ്റാണ് സിനിമയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസമായപ്പോഴേക്കും സിനിമ 200 കോടിയിലധികം നേടിയതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.

തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവർത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്പുരാൻ എഡിറ്റഡ് പതിപ്പ് തീയേറ്ററുകളിലേക്ക് എത്തുന്നത്. വിവാദ വിഷയങ്ങൾ പരാമർശിക്കുന്ന ആദ്യ 20 മിനിറ്റിലാകും കട്ട് വീഴുക. പ്രതിനായകന്‍റെ പേരടക്കം മാറ്റി മൂന്നു മിനിറ്റ് നീക്കം ചെയ്താകും സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന. വിവാദങ്ങൾക്കിടയിലും സിനിമ ഇതുവരെ 200 കോടിയിലധികം കലക്ഷൻ നേടിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. എഡിറ്റ് ചെയ്യുന്നതിന് മുൻപേ സിനിമ കാണാനായി വലിയ തിരക്കാണ് തിയറ്ററുകളിൽ രണ്ടുദിവസമായി അനുഭവപ്പെട്ടത്.

അതേസമയം പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി രാഷ്ട്രീയ സിനിമാരംഗത്തെ നിരവധി പേർ എത്തി. വിമർശനങ്ങൾക്കിടെ താരങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹം ആണെന്നും എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്തുനിർത്തുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചിട്ടില്ല.


Similar Posts