< Back
Kerala
അൻവറിന്റെ യുഡിഎഫ് പ്രവേശനം, ഇടഞ്ഞ് ആര്യാടൻ ഷൗക്കത്ത്
Kerala

അൻവറിന്റെ യുഡിഎഫ് പ്രവേശനം, ഇടഞ്ഞ് ആര്യാടൻ ഷൗക്കത്ത്

Web Desk
|
7 Jan 2025 4:46 PM IST

നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങളുണ്ടായപ്പോഴോ ആദിവാസി പ്രശ്‌നങ്ങളുണ്ടായപ്പോഴോ അൻവർ വിരലനക്കിയിട്ടില്ല, യുഡിഎഫിലേക്ക് വരാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്ന് ഷൗക്കത്ത്

നിലമ്പൂർ: എംഎൽഎ പി.വി അൻവറിനെതിരെ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടില്ല. ജനവാസ മേഖലയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോൾ അൻവറിന്റെ അഭിപ്രായം കേട്ടില്ല. കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ് ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.

പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് പി.വി അൻവർ പറഞ്ഞിരുന്നു. താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ജനങ്ങൾ ഏറ്റെടുത്തതാണ്. അത് ശരിയാണെന്ന് എല്ലാവർക്കും അറിയാം. പിണറായിയുടെ ഭരണത്തിനെതിരെ ഒറ്റക്ക് പോരാടിയതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് യുഡിഎഫുമായി സഹകരിക്കും. യുഡിഎഫിൽ ചേരുമോ പുറത്തുനിന്ന് പിന്തുണയ്ക്കുമോ എന്നത് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൻവർ പറഞ്ഞു.

നിലമ്പൂരിൽ മത്സരിക്കുമോ എന്നതിന് ഇപ്പോൾ പ്രസക്തിയില്ല. കോൺഗ്രസിൽ ഒരുപാട് നേതാക്കളുണ്ട്. മത്സരിക്കാൻ ഒരുപാട് പേരുണ്ടാവും, പാർട്ടിയാണ് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുക. അതിൽ താൻ ആശങ്കപ്പെടുന്നില്ല. ലീഗ് തന്ന ധാർമിക പിന്തുണക്ക് നന്ദി പറയാനാണ് പാണക്കാട് പോകുന്നത്. രാഷ്ട്രീയത്തിൽ തീരുമാനങ്ങൾ ഇരുമ്പുലക്കയല്ല. ലീഗിനെതിരെ മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നത് ലീഗ് നേതൃത്വത്തിനോ പാണക്കാട് കുടുംബത്തിനോ വലിയ വിഷയമാകുമെന്ന് കരുതുന്നില്ല. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച അഴിമതിയാരോപണം അടഞ്ഞ അധ്യായമാണ്. പുതിയ അധ്യായങ്ങൾ തുറക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.

വാർത്ത കാണാം-

Similar Posts