
മലപ്പുറം കൽപകഞ്ചേരിയിലെ എ.പി അസ്ലം റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ജൂലൈ മൂന്നിന്
|കൽപകഞ്ചേരി പഞ്ചായത്തുൾപ്പെടെ സമീപത്തെ അഞ്ചോളം പഞ്ചായത്തുകളിലെ ശയ്യാവലമ്പികളായ രോഗികളെ കണ്ടെത്തി തികച്ചും സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നൽകിക്കൊണ്ടുള്ള ഒരു സ്ഥിരം സംവിധാനം ട്രസ്റ്റിന് കീഴിൽ 2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്.
മലപ്പുറം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടു കാലമായി ജ്വലിച്ചു നിൽക്കുന്ന കൽപകഞ്ചേരിയിലെ ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുതുതായി ആരംഭിക്കുന്ന എ.പി അസ്ലം റിഹാബിലിറ്റേഷൻ സെന്റർ ജൂലൈ 3 വ്യാഴാഴ്ച നാടിന് സമർപ്പിക്കും.
അത്യാധുനിക സൗകര്യങ്ങളോടുകൂടി അതിനൂതനമായ സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളുമാണ് മേലങ്ങാടിയിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
അശരണരെ സഹായിക്കാനായി ട്രസ്റ്റിന് കീഴിൽ തണൽ എന്ന പദ്ധതിയിലൂടെ കേരളത്തിനകത്തും പുറത്തും ബഹുമുഖ പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൽപകഞ്ചേരിയിലെ ആനപ്പടിക്കൽ കുടുംബമാണ് ട്രസ്റ്റിന്റെ ഭാരവാഹികൾ.
ആരോഗ്യ രംഗത്തെ ട്രസ്റ്റിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് എ.പി അസ്ലം റീഹാബിലിറ്റേഷൻ സെന്റർ. ജീവിതയാത്രയിൽ വീണുപോയ മനുഷ്യരെ കൈപിടിച്ചുയർത്താനും വിവിധ വൈകല്യങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമേകാനും ഉദ്ദേശിച്ചുകൊണ്ടാണ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. കൽപകഞ്ചേരി പഞ്ചായത്തുൾപ്പെടെ സമീപത്തെ അഞ്ചോളം പഞ്ചായത്തുകളിലെ ശയ്യാവലമ്പികളായ രോഗികളെ കണ്ടെത്തി തികച്ചും സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നൽകിക്കൊണ്ടുള്ള ഒരു സ്ഥിരം സംവിധാനം ട്രസ്റ്റിന് കീഴിൽ 2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്.
കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി വിദഗ്ധരായ ടെക്നീഷ്യന്മാരുടെ മേൽനോട്ടത്തിൽ ന്യൂറോ റിഹാബ് സെന്റർ ആയി പരിവർത്തിപ്പിച്ചാണ് പുതിയ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമേ സ്പീച്ച് തെറാപ്പി, ഒക്യൂപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ചൈൽഡ് സൈക്കോളജി എന്നീ ചികിത്സകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് തികച്ചും സൗജന്യമായി തന്നെ നൽകാനാണ് പുതിയ സെന്ററിലൂടെ ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 3 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെന്റർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എം പി, കുറുക്കോളി മൊയ്തീൻ എം എൽ എ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് ഐഎഎസ്, ഡിഎംഒ ഡോ രേണുക, ഐ എം ബി സംസ്ഥാന പ്രസിഡന്റ് ഡോ കബീർ, വടകര തണൽ പ്രസിഡന്റ് ഡോ ഇദ്രീസ്, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ സമീർ മച്ചിങ്ങൽ, കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ കെ പി വഹീദ എന്നീ പ്രമുഖർ സംബന്ധിക്കുന്ന വിപുലമായ ഉദ്ഘാടന പരിപാടി എ പി അസ്ലം റിഹാബിലിറ്റേഷൻ സെന്റർ അങ്കണത്തിൽവച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.