< Back
Kerala
നിയമന കോഴക്കേസ്:  അഖിൽ സജീവനും ലെനിൻ രാജിനും പണം നൽകാൻ ആവശ്യപ്പെട്ടത് ബാസിത്‌
Kerala

നിയമന കോഴക്കേസ്: അഖിൽ സജീവനും ലെനിൻ രാജിനും പണം നൽകാൻ ആവശ്യപ്പെട്ടത് ബാസിത്‌

Web Desk
|
12 Oct 2023 6:51 AM IST

അഖിൽ മാത്യുവിന്റെ പേര് പറയാൻ ബാസിത് ഭീഷണിപ്പെടുത്തിയതായി ഹരിദാസൻ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു

തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഖിൽ സജീവന്റെയും ലെനിൻ രാജിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടത് ബാസിത് ആണെന്ന് ഹരിദാസൻ.

ബാസിതിനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് ഇന്ന് തിരുവനന്തപുരം കോടതിയിൽ അപേക്ഷ നൽകും. ഒന്നാം പ്രതി അഖിൽ സജീവിന്റെ കസ്റ്റഡിക്കായി പത്തനംതിട്ട കോടതിയിലും അപേക്ഷ നൽകും.

വിവിധ ഘട്ടങ്ങളിലായി കേസിലെ പ്രതികൾ ഹരിദാസനിൽ നിന്ന് 1.75 ലക്ഷം രൂപ വാങ്ങിച്ചെടുത്തു. ഇതിൽ ഒരു ലക്ഷം രൂപ വാങ്ങിച്ചെടുത്തത് ബാസിത് ആണെന്നും പൊലീസ് കണ്ടെത്തി. 50,000 രൂപ ലെനിൻ രാജിന്റെ ബാങ്ക് അക്കൗണ്ടിലേക്കും 25,000 രൂപ അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഹരിദാസൻ അയച്ചുനൽകി. ബാസിതിന്റെ നിർദേശപ്രകാരമാണിതെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകിയിരുന്നു. ബാസിതിന് മറ്റ് പ്രതികളായ അഖിൽ സജീവ്, ലെനിൻ രാജ്, റഈസ് എന്നിവരുമായി നിരന്തരം ബന്ധമുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെ അറിയാമെന്നും മന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും പറഞ്ഞത് ഹരിദാസനിൽ നിന്ന് പണം തട്ടാനാണെന്ന് ബാസിത് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിനു നൽകിയ പരാതിയിൽ അഖിൽ മാത്യുവിന്റെ പേരെഴുതി ചേർത്തത് താനെന്നും ബാസിത് മൊഴി നൽകി. അതേസമയം ഹരിദാസന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തി.

തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. അഖിൽ മാത്യുവിന്റെ പേര് പറയാൻ ബാസിത് ഭീഷണിപ്പെടുത്തിയതായി ഹരിദാസൻ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ഇതിനിടെ ഹരിദാസനെ പ്രതി ചേർക്കാൻ നിയമോപദേശം തേടാൻ പൊലീസ് തീരുമാനിച്ചു. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ പ്രതി ചേർക്കുന്നതിൽ തീരുമാനമെടുക്കൂവെന്ന് പൊലീസ് അറിയിച്ചു.



Similar Posts