< Back
Kerala
PSC Office

പി.എസ്.സി ഓഫീസ്

Kerala

പി.എസ്‌.സി അംഗീകരിച്ച കോളജ് പ്രിൻസിപ്പാള്‍മാരുടെ നിയമന പട്ടിക; വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍

Web Desk
|
13 Jan 2023 7:33 AM IST

യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഉത്തരവെന്ന പരാതിയും ഉയരുന്നുണ്ട്

തിരുവനന്തപുരം: പി.എസ്‌.സി അംഗീകരിച്ച കോളജ് പ്രിൻസിപ്പാള്‍മാരുടെ നിയമന പട്ടികയിൽ വിചിത്രമായ ഉത്തരവുമായി സർക്കാർ. പട്ടികയിൽ പരാതിയുള്ളവർക്ക് അത് ബോധിപ്പിക്കാൻ സമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഉത്തരവെന്ന പരാതിയും ഉയരുന്നുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ പ്രിന്‍സിപ്പാള്‍മാരെ കണ്ടെത്തുന്നതിന് 110 പേരുടെ ഇന്‍റര്‍വ്യൂ നടത്തിയത്. ഇതിൽ നിന്ന് 43 പേരുടെ റാങ്ക് പട്ടിക ഡിപ്പാർട്ട്മെന്‍റല്‍ പ്രമോഷൻ കമ്മിറ്റി യോഗം ചേർന്ന് അംഗീകരിച്ചു. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും നിയമനം നടന്നില്ല. ഇതിനിടെയാണ് നിയമനം ലഭിക്കാത്തവർക്ക് പരാതി ബോധിപ്പിക്കാൻ അവസരവുമായി സർക്കാർ ഉത്തരവിറക്കിയത്. ഈ മാസം 23നകം കോളേജ് വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ പരാതികൾ അറിയിക്കാം. പ്രത്യേകം രൂപീകരിക്കുന്ന അപ്പീൽ കമ്മിറ്റി പരാതികൾ പരിശോധിക്കും. യോഗ്യതയില്ലാത്തതിനാൽ ഒഴിവാക്കിയവർക്ക് വീണ്ടും അവസരം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇത് ആദ്യമായാണ്. ഇഷ്ടക്കാർക്ക് പ്രിന്‍സിപ്പാള്‍ നിയമനം നൽകുന്നതിന് സർക്കാർ തന്നെ മുൻകയ്യെടുക്കുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയരുന്നുണ്ട്. ഈ പരാതിക്ക് കൂടുതൽ ബലം നൽകുന്നതാണ് പുതിയ ഉത്തരവ്.

യുജിസി റെഗുലേഷന് വിരുദ്ധമായി അധ്യാപന പരിചയത്തിലും പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും സർക്കാർ ഇളവ് വരുത്തിയത് നേരത്തേ വിവാദമായിരുന്നു. പി. എസ്.സി അംഗീകരിച്ച 43 പ്രിന്‍സിപ്പാള്‍മാരെ അടിയന്തിരമായി നിയമിക്കണമെന്നും ചട്ടവിരുദ്ധമായി ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.



Similar Posts