< Back
Kerala
നിയമന ഉത്തരവ് മെയിൽ വ്യാജം; മലപ്പുറം ഹോമിയോ ഡി.എം.ഒ ഹന്ന യാസ്മിൻ
Kerala

'നിയമന ഉത്തരവ് മെയിൽ വ്യാജം'; മലപ്പുറം ഹോമിയോ ഡി.എം.ഒ ഹന്ന യാസ്മിൻ

Web Desk
|
27 Sept 2023 8:06 PM IST

നാഷണൽ ആയുഷ് മിഷന്റെ പേരിലുള്ള മെയിലിൽ ഉണ്ടായിരുന്ന എംബ്ലം നാഷണൽ ഹെൽത്ത് മിഷന്‍റേതാണെന്നും ഹന്ന യാസ്മിൻ മീഡയവണിനോട് പറഞ്ഞു

കോഴിക്കോട്: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും പത്തനംതിട്ട സിഐടിയു ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയും ആയുഷ് മിഷന് കീഴിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് മെയിൽ വ്യാജമെന്ന് മലപ്പുറം ഹോമിയോ ഡി.എം.ഒ ഹന്ന യാസ്മിൻ. നാഷണൽ ആയുഷ് മിഷന്റെ പേരിലുള്ള മെയിലിൽ ഉണ്ടായിരുന്ന എംബ്ലം നാഷണൽ ഹെൽത്ത് മിഷന്‍റേതാണെന്നും ഹന്ന യാസ്മിൻ മീഡയവണിനോട് പറഞ്ഞു.

'നാഷണൽ ആയുഷ് മിഷൻ നടത്തിയ നിയമനമാണിത്. ഇതിന് കേരള ആയുഷുമായി യാതൊരു ബന്ധവുമില്ല. ഒറ്റ നോട്ടത്തിൽ പരിശോധിച്ചപ്പോള്‍ നാഷണൽ ആയുഷ് മിഷനിൽ നിന്ന് വന്ന മെയിൽ ആണെങ്കിലും എന്നാൽ എൻ.എച്ച്.എമ്മിന്‍റെ എംബ്ലം ആണ് അതിലുള്ളത്. ഞാൻ ജോലിക്ക് ചേരുന്നതിന് മുൻപാണ് ഇത്തരമൊരു നിയമനം നടന്നത്. ഇങ്ങനെയൊരു വിഷയം വന്നപ്പോള്‍ ഇത് പരിശോധിച്ചിരുന്നു. നിയമനത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടിക പരിശോധിച്ചപ്പോള്‍ ഇവരുടെ പേര് കാണുന്നില്ല. സാധാരണയായി മെയിലിൽ ഇങ്ങനെയാരു ഓഫർ ലെറ്റർ അയക്കാറില്ല. സാധാരണ അപ്പോയിൻമെന്‍റ് ലെറ്ററാണ് അയക്കാറ്. അതുകൊണ്ടു തന്നെ ഇയാള്‍ പറ്റിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. ആരോഗ്യവകുപ്പിന് ഇതുമായി യാതൊരു ബന്ധവും ഉണ്ടെന്ന് തോന്നുന്നില്ല'.

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സിഐടിയു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്.

ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകി.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹരിദാസ് പറയുന്നു.

Similar Posts