
പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കും: സണ്ണി ജോസഫ് എംഎൽഎ
|വെള്ളാപ്പള്ളിയുടെ പരാമർശം ഇതുവരെ കണ്ടിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു
കൊച്ചി: പാർട്ടിക്കെതിരായ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ഫോൺ സംഭാഷണത്തിൽ നടപടിക്കൊരുങ്ങി കോൺഗ്രസ്. പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
പാലോട് രവിയുമായി സംസാരിച്ചു. ഓഡിയോയുടെ ആധികാരികത നിഷേധിച്ചിട്ടില്ല. പരാമർശം ഗൗരവകരമാണ്. എഐസിസി നേതൃത്വവുമായും കേരളത്തിലേ നേതാക്കളുമായും ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ പരാമർശം ഇതുവരെ കണ്ടിട്ടില്ലെന്നും കോൺഗ്രസ് മതേതര പാർട്ടിയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും നിയമസഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നുമായിരുന്നു തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ഫോൺ സംഭാഷണം. മുസ്‌ലിം വിഭാഗം മറ്റു പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും, കോൺഗ്രസ് എടുക്കാത്ത ചരക്കാകുമെന്നും പാലോട് രവി പറഞ്ഞിരുന്നു.