< Back
Kerala
തന്ത്രിയല്ല മന്ത്രിക്ക് ആറന്മുള വള്ളസദ്യ വിളമ്പിയത്; ആചാരലംഘനം നടന്നിട്ടില്ലെന്ന സിപിഎം വാദം തള്ളി ക്ഷേത്രം തന്ത്രി
Kerala

'തന്ത്രിയല്ല മന്ത്രിക്ക് ആറന്മുള വള്ളസദ്യ വിളമ്പിയത്'; ആചാരലംഘനം നടന്നിട്ടില്ലെന്ന സിപിഎം വാദം തള്ളി ക്ഷേത്രം തന്ത്രി

Web Desk
|
15 Oct 2025 11:00 AM IST

ആചാരലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയത് ക്ഷേത്രം ഉപദേശക സമിതിയും ദേവസ്വം അസി. കമ്മീഷണറുമാണെന്ന് തന്ത്രി

പത്തനംതിട്ട: ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന സിപിഎം വാദം തള്ളി ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട്. ആചാരലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയത് ക്ഷേത്രം ഉപദേശക സമിതിയും ദേവസ്വം അസി. കമ്മീഷണറുമാണ്. രണ്ട് കത്തുകളും ലഭിച്ച ശേഷമാണ് താൻ പരിഹാരക്രിയ നിർദേശിച്ചതെന്നും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട് പറഞ്ഞു. തന്ത്രിയല്ല മന്ത്രിക്ക് സദ്യ വിളമ്പിയത്.ആ സമയത്ത് താന്‍ ക്ഷേത്രത്തിനുള്ളിലായിരുന്നുവെന്നും തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട് പറഞ്ഞു.

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാർത്തകൾ പെരുകുകയാണ്. ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം.ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് ചില സംഘപരിവാർ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നുമായിരുന്നു സിപിഎം വിശദീകരണം.

സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു

ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാർത്തകൾ പെരുകുകയാണ്

അഷ്ടമിരോഹിണി വള്ള സദ്യയിൽ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി എന്നാണ് പുതിയ ആരോപണം.

ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം.

മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികൾ രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ എത്തി.

11നാണ് ചടങ്ങ് തുടങ്ങുക എന്ന് ഭാരാവാഹികൾ അറിയിച്ചതിനെ തുടർന്ന് ദേവസ്വം ഓഫീസിൽ വിശ്രമിച്ചു.

തുടർന്ന് 11 മണിയോടെ കൊടിമരച്ചുവട്ടിൽ എത്തി. 11.5 ന് അവിടെ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ഉൾപ്പെടെ ഭാരവാഹികൾ സന്നിഹിതരായിരുന്നു.

തുടർന്ന് മേൽശാന്തി ശ്രീകോവിലിനുള്ളിൽ ഭഗവാന് സദ്യ നേദിച്ചു.

11.20ന് ആ ചടങ്ങുകൾ പൂർത്തിയായി.

തുടർന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി.

പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വെറ്റില പുകയില നൽകി വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്.

വസ്തുത ഇതായിരിക്കെ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് ചില സംഘപരിവാർ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്.

അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമം.

പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവൻ കമ്മിറ്റിയംഗങ്ങളുടെയും പൂർണ്ണമായ നിർദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തത്.

ആരോപണം വന്നപ്പോൾ തന്നെ കെ വി സാംബദേവൻ മാധ്യമങ്ങളോട് വസ്തുതകൾ വിശദീകരിച്ചതുമാണ്.

ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓർക്കുന്നത് നന്ന്.


Similar Posts