
'ഭരണത്തിലായതുകൊണ്ട് നല്ല നടപ്പിന് നീങ്ങുന്ന സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്'; പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി അർജുൻ ആയങ്കി
|കഴിഞ്ഞ ദിവസം പാലക്കാട് തെരഞ്ഞെടുപ്പ് പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവായ പി.എം ആർഷോയും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചിരുന്നു
കോഴിക്കോട്: ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി അർജുൻ ആയങ്കി. ഭരണത്തിലായതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല- അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പാലക്കാടുള്ള പ്രശാന്ത് സിവനോടാണ്….തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി. മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയേറ്ററിൽ ഇരച്ചുകയറും. അങ്ങനൊരു പ്രതിഭാസം മോഹൻലാലിനുണ്ട്.
അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്. ഭരണത്തിലായതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും.ജീവനും ജീവിതവും മറന്ന് പോരാടും... യുദ്ധം ചെയ്യും...പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല…!!പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്…
കഴിഞ്ഞ ദിവസം പാലക്കാട് 'മനോരമ ന്യൂസ്' സംഘചിപ്പിച്ച പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവായ പി.എം ആർഷോയും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചിരുന്നു. പാലക്കാട് നഗരസഭയിൽ സിപിഎം 10 സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന പ്രശാന്ത് ശിവന്റെ വെല്ലുവിളി ആർഷോ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലെത്തിയത്.