< Back
Kerala
അർജുന്റെ ലോറി കരക്കെത്തിച്ചു; മൃതദേഹം പരിശോധനക്കയച്ചു
Kerala

അർജുന്റെ ലോറി കരക്കെത്തിച്ചു; മൃതദേഹം പരിശോധനക്കയച്ചു

Web Desk
|
25 Sept 2024 6:33 PM IST

കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കകത്തുണ്ടായിരുന്ന മൃതദേഹഭാ​ഗങ്ങൾ പുറത്തെടുത്ത് തുടർ നടപടികൾക്ക് കൊണ്ടുപോയി. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. പരിശോധന ഫലം സ്ഥിരീകരിച്ച ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. ലോറിയുടെ ക്യാബിൻ ഭാ​ഗത്തായി കണ്ടെത്തിയ മൃതദേഹം എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് പുറത്തെടുത്തത്. ക്രെയിൻ അടക്കമുള്ള യന്ത്ര സഹായത്തോടെ ലോറിയുടെ ഭാ​ഗങ്ങൾ കരയിലെത്തിച്ചു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോഹഭാഗത്തിന്റെ സിഗ്നൽ ലഭിച്ച സിപി രണ്ട് പോയിന്‍റില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി ഉയര്‍ത്തിയെടുത്തത്.

പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തുന്നതിൽ നി‌ർണായകമായത്. രാവിലെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർവാട്ടർ കാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറിയെന്ന് ഉറപ്പുവരുത്തി. വീണ്ടും കൂടുതൽ മുങ്ങൽ വിദ​ഗ്ധർ ഇവിടം പരിശോധിച്ചു. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്.

ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനടക്കം11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചെങ്കിലും അർജുനെയും ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും പുഴയിൽ നിന്നും മണ്ണ് നീക്കാനും സാധിക്കാതെ വന്നതിനാലും തിരച്ചിൽ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഓഗസ്റ്റ് പതിനാറിന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തെരച്ചിലിന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെയാണ് ഷിരൂരില്‌‍ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തിയത്.



Similar Posts