< Back
Kerala
Mob attacks on Christians: State and United Nations must intervene - KCBC
Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: മതസ്വാതന്ത്ര്യം അപകടത്തിലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

Web Desk
|
27 July 2025 9:16 PM IST

തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ല, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെസിബിസി ജാഗ്രതാ കമ്മീഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുർഗ് പൊലീസ് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഈ ദൗർഭാഗ്യകരമായ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണ്. തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ല, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണ്. കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവൽക്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും, ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നും, ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം തടയാൻ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ കൈക്കൊള്ളണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.

മതപരമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾക്കും സാമുദായിക സൗഹാർദത്തിനും നീതിക്കും വേണ്ടി കേന്ദ്രസർക്കാർ കാവൽക്കാരായി പ്രവർത്തിക്കണം. മതഭ്രാന്ത് തടയാനും ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും ഇന്ത്യ അതിന്റെ ജനാധിപത്യവും മതേതരത്വവും ഉൾക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Similar Posts