< Back
Kerala
Arsho defends beating TP Srinivasan
Kerala

'ടി.പി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമെന്ന് കരുതുന്നില്ല'; ന്യായീകരിച്ച് പി.എം ആർഷോ

Web Desk
|
14 Feb 2025 4:58 PM IST

​ഗവൺമെന്റ് നഴ്സിങ് കോളജിലെ റാ​ഗിങ് കേസിൽ അറസ്റ്റിലായ പ്രതികളുമായി എസ്എഫ്ഐക്ക് ബന്ധമില്ലെന്നും ആർഷോ പറഞ്ഞു.

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സ്വകാര്യ സർവകലാശാലകൾക്ക് എതിരായ പ്രതിഷേധത്തിനിടെ ടി.പി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി കാണുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. അദ്ദേഹത്തെ അടിക്കണം എന്ന് തീരുമാനിച്ച് പോയതല്ല. സമാധാനപരമായി നടക്കുന്ന ഒരു സമരമായിരുന്നു അത്. അവിടെ എത്തിയ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെ ഒരു വിദ്യാർഥിയെ അദ്ദേഹം കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. അതിന്റെ പ്രതികരണമായി ആ വിദ്യാർഥി മാത്രമാണ് ശ്രീനിവാസനെ അടിച്ചതെന്നും ആർഷോ പറഞ്ഞു.

വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ സംശയത്തോടെയാണ് എസ്എഫ്‌ഐ കാണുന്നതെന്ന് ആർഷോ പറഞ്ഞു. ഇതിന് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ പ്രധാനപ്പെട്ട സർവകലാശാലൾ ഇന്ത്യപോലുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് വരില്ല. അംഗീകാരമില്ലാത്ത പെട്ടിക്കട സർവകലാശാലകൾ വരുന്നതിനെ ആശങ്കയോടെയാണ് എസ്എഫ്‌ഐ കാണുന്നതെന്നും ആർഷോ പറഞ്ഞു.

സ്വകാര്യ സർവകലാശാലകൾ രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. സ്വകാര്യ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരും യുജിസിയും സ്വീകരിക്കുന്നത്. ഡീംഡ് സർവകലാശാലകൾ ഇപ്പോൾ തന്നെ സംസ്ഥാനത്തുണ്ട്. അവിടെ സംസ്ഥാന സർക്കാരിന് ഇടപെടൽ നടത്താനാവില്ല. എന്നാൽ സ്വകാര്യ സർവകലാശാല വരുമ്പോൾ സർക്കാരിന്റെ നിയന്ത്രണമുണ്ടാകണം. വിദ്യാർഥി പക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ആർഷോ പറഞ്ഞു.

കോട്ടയത്തെ നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ പേരിൽ എസ്എഫ്‌ഐക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങളെ പൊതുസമൂഹം തള്ളിക്കളയണമെന്നും ആർഷോ ആവശ്യപ്പെട്ടു. അറസ്റ്റിലായ രാഹുൽ രാജ് കേരള നഴ്‌സസ് സ്റ്റുഡന്റ്‌സ് യൂണിയൻ ഭാരവാഹിയാണെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്. ആ സംഘടനയുമായി എസ്എഫ്‌ഐക്ക് ഒരു ബന്ധവുമില്ല. ഒരു സംഘടനക്കും യൂണിറ്റില്ലാത്ത കോളജാണ് അത്. അവിടെ നടന്ന ഒരു സംഭവത്തിന്റെ പേരിൽ എസ്എഫ്‌ഐയെ കുറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആർഷോ പറഞ്ഞു.

Similar Posts