
ആർടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷം തുടങ്ങി
|'എത്രയും ചിത്രം ചിത്രം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കിയത്
മലപ്പുറം: ആര്ടിസ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയിൽ തുടക്കമായി. 'എത്രയും ചിത്രം ചിത്രം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കിയത്. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം നമ്പൂതിരിയുടെ ചിത്രത്തിന് മുൻപിൽ നടത്തിയ പുഷ്പാർച്ചനയോടെയായിരുന്നു. സംഗീതകാരൻ ശ്രീവത്സൻ ജെ മേനോൻ സംഗീതർച്ചന നടത്തി. പനമണ്ണ ശശി, ഭാരതരാജൻ എന്നിവരുടെ കേളി ഉണ്ടായിരുന്നു.
ചടങ്ങിൽ എം.എം നാരായണൻ അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ആര്ടിസ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളായ കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർനാഥ്, ബിനുരാജ് കലാപീഠം, പ്രശസ്ത നിരൂപകൻ എൻ. ഇ സുധീർ, ചലച്ചിത്രകാരൻ അരവിന്ദന്റെ മകൻ രാമു അരവിന്ദൻ എന്നിവർ സംസാരിച്ചു. നമ്പൂതിരിയുടെ മകനും ട്രസ്റ്റ് അംഗവുമായ കെ. എം വാസുദേവൻ ചടങ്ങിന് നന്ദി പറഞ്ഞു. ആര്ട്ടിസ്റ്റ് നമ്പൂതിരിയുടെ അടുത്ത സുഹൃത്തുക്കൾ, ആരാധകർ, കുടുംബംഗങ്ങൾ എന്നിവരുടെയെല്ലാം സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ചടങ്ങ്. തുടർന്ന് പിറന്നാൾ സദ്യയും ഉണ്ടായിരുന്നു.
സെപ്റ്റംബർ 15 രാവിലെ 11 മണിക്ക് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖ ചിത്രങ്ങളുടെ ഒറിജിനലുകൾ സർക്കാരിനു വേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങും. തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളും കേരള ലളിതകലാ അക്കാദമി ഭാരവാഹികളും പങ്കെടുക്കും.