< Back
Kerala
സഖാവ് സച്ചിന്‍..സച്ചിനേട്ടനായി മാറിയത് എപ്പോഴാണ്?  മനസ് തുറന്ന് ആര്യയും സച്ചിന്‍ദേവും
Kerala

സഖാവ് സച്ചിന്‍..സച്ചിനേട്ടനായി മാറിയത് എപ്പോഴാണ്? മനസ് തുറന്ന് ആര്യയും സച്ചിന്‍ദേവും

Web Desk
|
3 Sept 2022 1:26 PM IST

ആഴത്തിലുള്ള സൗഹൃദത്തിനപ്പുറത്തേക്ക് പ്രണയത്തിന്‍റെ തലത്തിലേക്ക് കടന്നിരുന്നില്ലെന്ന് സച്ചിന്‍ ദേവ് പറഞ്ഞു

തിരുവനന്തപുരം; നാളെയാണ് മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹം. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചാണ് കല്യാണം. വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും വധൂവരന്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ കല്യാണവിശേഷങ്ങളെക്കുറിച്ച് മീഡിയവണിനോട് മനസ് തുറക്കുകയാണ് ആര്യയും സച്ചിനും.

ആഴത്തിലുള്ള സൗഹൃദത്തിനപ്പുറത്തേക്ക് പ്രണയത്തിന്‍റെ തലത്തിലേക്ക് കടന്നിരുന്നില്ലെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്താണ് ആര്യയുമായി സൗഹൃദത്തിലാകുന്നത്. അതു പിന്നെ ഒരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വല്ലപ്പോഴും ഒരുമിച്ച് ചായ കുടിക്കും, ചെറിയ യാത്രകള്‍ ..അതിനപ്പുറത്തേക്ക് കൂടുതല്‍ സമയം ഞങ്ങളൊരുമിച്ച് ചെലവഴിച്ചിട്ടില്ല. ..സച്ചിന്‍ പറയുന്നു.

ആദ്യം മുതലേ സച്ചിനെ സച്ചിനേട്ടന്‍ എന്നാണ് താന്‍ വിളിച്ചിരുന്നതെന്ന് ആര്യ പറഞ്ഞു. ആരാണ് ആദ്യം ഇഷ്ടം തുറന്നു പറഞ്ഞതെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും അതു മനസിലുണ്ടായിരുന്നു. അത് ഒരാള്‍ പറഞ്ഞ് പിന്നൊരാള്‍ക്ക് തോന്നി എന്നതല്ല. വിവാഹത്തെക്കുറിച്ച് ആലോചിച്ചുകൂടെ എന്ന് ആദ്യം ചോദിച്ചത് സച്ചിനേട്ടനായിരുന്നു. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ വീട്ടില്‍ സംസാരിക്കാമെന്നും പറഞ്ഞു. വീട്ടില്‍ സംസാരിക്കണം എന്നു താനും പറഞ്ഞു. ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഭക്ഷണവും ഉറക്കവും ആണെന്നാണ് സച്ചിന്‍ പറയുന്നത്. ഭക്ഷണത്തില്‍ ചിക്കന്‍ഫ്രൈയാണ് ഏറ്റവും ഇഷ്ടം. യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് സച്ചിനെന്ന് ആര്യയും പറയുന്നു.

സിനിമ കാണാറുണ്ടെങ്കിലും റീലിസിന്‍റെ അടുത്ത ദിവസങ്ങളില്‍ കാണാറില്ലെന്ന് സച്ചിന്‍ പറഞ്ഞു. മിക്കപ്പോഴും തിയറ്ററുകളില്‍ സിനിമ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ഉറക്കം വരും. സിനിമ മോശമാണെന്ന അഭിപ്രായമൊന്നുമില്ല. അതങ്ങനെ സംഭവിക്കുന്നതാണ്. ..സച്ചിന്‍ വ്യക്തമാക്കി. സിനിമയുടെ കാര്യത്തില്‍ സച്ചിനെക്കാള്‍ ഭേദമാണ് താനെന്നാണ് ആര്യയുടെ അഭിപ്രായം. ഇഷ്ടനടന്‍ ആരാണെന്ന് ചോദിച്ചാല്‍ ലാലേട്ടന്‍റെ വീടിന്‍റെ അടുത്താണ് തന്‍റെ വീടെന്നും ചെറുപ്പം മുതല്‍ മനസില്‍‌ രജിസ്റ്റര്‍ ചെയ്ത പേര് അതാണെന്നും ആര്യ പറയുന്നു.



Similar Posts