< Back
Kerala
ആര്യാടന് വിട; ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ
Kerala

ആര്യാടന് വിട; ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ

Web Desk
|
26 Sept 2022 10:55 AM IST

മലബാറിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

നിലമ്പൂർ: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട നൽകി ജന്മനാട്. നിലമ്പൂർ മുക്കട്ട വലിയ ജുമാമസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. ആര്യാടനെ അവസാനമായി ഒരുനോക്ക് കാണാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നലെ മലപ്പുറം ഡിസിസി ഓഫിസിലും പൊതുദർശനത്തിന് വെച്ചിരുന്നു. പ്രദേശത്തെ പ്രധാന രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും സംസ്‌കാര ചടങ്ങിനെത്തി.

വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആര്യാടന്റെ മരണത്തോടെ മലബാറിലെ കരുത്തനായ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ കഴിഞ്ഞ ദിവസം അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനിച്ച ആര്യാടൻ മുഹമ്മദ് നാല് തവണ മന്ത്രിയുംഎട്ട് തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു.

Similar Posts