
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപനം ഉടൻ
|പി.വി അൻവറിന്റെ എതിർപ്പ് പരിഗണിക്കേണ്ട എന്നാണ് കോൺഗ്രസ് തീരുമാനം.
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഉറപ്പിച്ച് കോൺഗ്രസ് നേതൃത്വം. ഷൗക്കത്തിന്റെ പേര് എഐസിസി നേതൃത്വത്തിന് കൈമാറാനും കോൺഗ്രസ് തീരുമാനിച്ചു. പി.വി അൻവറിന്റെ എതിർപ്പ് പരിഗണിക്കേണ്ട എന്നാണ് കോൺഗ്രസ് തീരുമാനം. സ്ഥാനാർഥിയെ ഇന്ന് വൈകിട്ട് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കളമശ്ശേരിയിലെ ഹോട്ടലിൽ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചത്. വി.ഡി സതീശൻ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന നേതാക്കൾ വി.എസ് ജോയിയുമായി ചർച്ച നടത്തി. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നൽകുമെന്ന് ജോയ്് നേതാക്കൾക്ക് ഉറപ്പ് നൽകി.
ഷൗക്കത്ത് സ്ഥാനാർഥിയാവുമെന്ന് ഇന്നലെ രാത്രിയോടെ ഏകദേശം തീരുമാനമായിരുന്നു. എന്നാൽ ഷൗക്കത്തിനെതിരെ അൻവർ രംഗത്ത് വന്നതാണ് കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കിയത്. എന്നാൽ അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചത്. അതേസമയം നിലപാട് വിശദീകരിക്കാൻ പി.വി അൻവർ ഇന്ന് വൈകിട്ട് ആറിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.