< Back
Kerala
കൈ പിടിച്ച് നിലമ്പൂര്‍; വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്,11,077 വോട്ടിന്റെ ലീഡ്
Kerala

'കൈ' പിടിച്ച് നിലമ്പൂര്‍; വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്,11,077 വോട്ടിന്റെ ലീഡ്

Web Desk
|
23 Jun 2025 12:10 PM IST

മൂന്നിടത്തൊഴികെ എല്ലാ റൗണ്ടിലും ലീഡുയർത്തി ഷൗക്കത്തിന്റ തേരോട്ടം

നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്. മൂന്ന് റൗണ്ടിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് ലീഡ്ചെയ്യാൻ കഴിഞ്ഞത്. കരുളായി ഒഴികെ എല്ലാ പഞ്ചായത്തിലും യുഡിഎഫ് ലീഡ് ചെയ്തു. ജന്മനാടായ പോത്തുകല്ലും സ്വരാജിനൊപ്പം നിന്നില്ല. സിപിഎം ഭരിക്കുന്ന നിലമ്പൂർ നഗരസഭയിലും യുഡിഎഫ് ലീഡുയർത്തി. സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ ഇരുപതിനായിരത്തോളം വോട്ടാണ് നേടിയത്.

ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,760 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥി അഡ്വ.മോഹൻ ജോർജ് 8,648 വോട്ടുകളം എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ.സാദിഖ് നടുത്തൊടി 2,075 വോട്ടുകളും ലഭിച്ചു.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിലേതെന്ന് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

പിണറായിസത്തിന് എതിരെ താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചെന്ന് പി.വി അൻവർ പറഞ്ഞു. തൊഴിലാളികളും സഖാക്കളും സിപിഎമ്മിനെ വിട്ടു . യുഡിഎഫുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് ആരുമായും ചർച്ച നടത്തുമെന്നായിരുന്നു അൻവറിന്റെ മറുപടി.

എല്‍ഡിഎഫ് ഉയർത്തിയ വിഷയങ്ങളിൽ ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എം. സ്വരാജ് പറഞ്ഞു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുമാണ് ചർച്ച ചെയ്യാൻ ശ്രമിച്ചത്. ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു.തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യും. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുമെന്നും സ്വരാജ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സ്വരാജ് പ്രതികരിച്ചു.


Similar Posts