< Back
Kerala
മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാം; മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനക്കെതിരെ ആശമാർ
Kerala

'മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാം'; മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനക്കെതിരെ ആശമാർ

Web Desk
|
31 March 2025 4:30 PM IST

'തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ല'

തിരുവനന്തപുരം: മുറിച്ച മുടി കേന്ദ്രത്തിന് അയക്കണമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ ആശമാർ. 'സംസ്ഥാന തൊഴിൽ മന്ത്രി ഇത്തരം പ്രസ്താവനകൾ നിർത്തണം. തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ലെ'ന്നും ആശാ സമരസമിതി നേതാവ് എം.എ ബിന്ദു പറഞ്ഞു. 'മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാ'മെന്നും ബിന്ദു കൂട്ടിച്ചേർത്തു.

50 ദിവസമായി അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാര്‍ പ്രതിഷേധിച്ചത്. തല മുണ്ഡനം ചെയ്തും മുടി ഭാഗികമായി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മുടി മുറിക്കൽ സമരത്തിന്‍റെ ഭാഗമായിയിരുന്നു.

'സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണ്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നു'മായിരുന്നു ഇതിനെതിരെ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന. 'ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറി. കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ഒരു മറുപടിയും ലഭിച്ചില്ലെ'ന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാരുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയെങ്കിലും ഇവർ ഉന്നയിച്ച ആവശ്യങ്ങൾ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറുമെന്നും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നുമാണ് ആശമാരുടെ പ്രതീക്ഷ.

Similar Posts