< Back
Kerala
Asha workers protest will Continue no Assurance Got in Discussion with Minister Sivankutty
Kerala

ആശാ സമരം തുടരും; ഓണറേറിയം വർധന പ്രഖ്യാപിക്കുംവരെ പിന്നോട്ടില്ലെന്ന് സമരസമിതി

Web Desk
|
7 April 2025 4:19 PM IST

തൊഴിൽമന്ത്രി തങ്ങളുടെ വികാരം മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.

തിരുവനന്തപുരം: ഓണറേറിയം വർധനയുൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ സമരം തുടരും. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ വ്യക്തമാക്കി.

തങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം കൊടുക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അം​ഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.

മോണിറ്ററി ബെനിഫിറ്റ് ഉണ്ടെങ്കിലേ ഞങ്ങൾ സമരം അവസാനിപ്പിക്കൂ എന്ന് തങ്ങൾ മന്ത്രിയെ അറിയിച്ചു. ഓണറേറിയം വർധനയുണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞപ്പോൾ ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് തൊഴിൽമന്ത്രി പറഞ്ഞതായും സമരസമിതി പറഞ്ഞു.

കമ്മിറ്റിയെ നിയോഗിച്ച് ആവശ്യങ്ങൾ പഠിക്കാം എന്നുള്ള സർക്കാർ നിർദേശത്തെ ഇപ്പോഴും അംഗീകരിക്കുന്നില്ല. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ സമയം മൂന്നുമാസം എന്നുള്ളത് ഒരു മാസം ആക്കി കുറയ്ക്കണം. ഓണറേറിയം വർധന കൊണ്ടുവരാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. തൊഴിൽമന്ത്രി തങ്ങളുടെ വികാരം മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.

ആശമാർ പ്രതീക്ഷയിലാണെന്ന് തൊഴിൽ മന്ത്രിയോട് പറഞ്ഞതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാവ് എം.എ ബിന്ദു മീഡീയവണിനോട് പറഞ്ഞു. സ്ത്രീകളെ അവിടെയിരുത്തി ബുദ്ധിമുട്ടിക്കുന്നതിൽ താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ഓണറേറിയം വർധന നൽകിയാൽ സമരം അവസാനിപ്പിക്കാം എന്ന് തങ്ങൾ അദ്ദേഹത്തെ അറിയിച്ചു. മികച്ച ചർച്ചയാണ് നടന്നത്. ഒരു മാസത്തിനകം അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടാം എന്ന് മന്ത്രി പറഞ്ഞതായും ബിന്ദു കൂട്ടിച്ചേർത്തു.



Similar Posts