< Back
Kerala
Ashirvad Cinimas facebook post on freedom of speech
Kerala

'ഭാവി സുരക്ഷിതമാക്കാൻ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അനിവാര്യം'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്

Web Desk
|
2 April 2025 8:36 PM IST

സംഘ്പരിവാർ സൈബറാക്രമണത്തെ തുടർന്ന് എമ്പുരാൻ സിനിമ റീ എഡിറ്റ് ചെയ്തതിന് പിന്നാലെയാണ് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് സിനിമയുടെ നിർമാണക്കമ്പനിയായ ആശിർവാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊച്ചി: എമ്പുരാൻ സിനിമയുടെ വിവാദങ്ങൾക്കിടെ ഭാവി സുരക്ഷിതമാക്കാൻ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്.

''സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തിൽ സ്ഥാപിതമായ ലോകത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്'' - ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപം സംബന്ധിച്ച പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെ തുടർന്ന് സംഘ്പരിവാർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പ്രദർശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാർ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓർമപ്പെടുത്തിയുള്ള ആശിർവാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Similar Posts