
'അവസാനം എല്ലാവർക്കും ആറടി മണ്ണല്ലേ ഉണ്ടാവുള്ളൂ ? ന്താ ഈ മനിസന്മാര് നന്നാവാത്തെ ?'; പ്രവാസികൾക്കിടയിലെ ചതിയും വഞ്ചനയും പറഞ്ഞ് അഷ്റഫ് താമരശ്ശേരി
|മോഹന വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് എത്രയോ സാധുക്കളെ ഇങ്ങനെയുള്ള ദുഷ്ടന്മാർ ചതിക്കുന്നുവെന്നും അഷ്റഫ് താമരശ്ശേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
ദുബൈ:പ്രവാസികൾക്കിടയിലുള്ള ചതിയും വഞ്ചനയും മൂലമുള്ള മാനസിക പിരിമുറുക്കങ്ങൾ കൊണ്ടുള്ള മരണങ്ങൾ തുടർക്കഥയാകുന്നുവെന്ന് യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. വിദേശത്ത് വെച്ച് സുഹൃത്തിന്‍റെ ചതിയില്‍പ്പെട്ട് മാനസികമായി തകര്‍ന്ന് മരിച്ചയാളെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആരുടെയും നെഞ്ചുലക്കുന്നതായിരുന്നു.
നാടും വീടും വിട്ട് പ്രവാസത്തിൽ വന്നു കഷ്ടപ്പെട്ട് സ്വരുക്കൂട്ടിവച്ച സമ്പാദ്യവും, നാട്ടിലുള്ള വസ്തുക്കൾ വിറ്റുമുണ്ടാക്കിയ സമ്പാദ്യവുമെല്ലാം എടുത്ത് നല്ലൊരു നാള് കിനാവ് കണ്ട്, തന്റെ ആത്മാർഥ കൂട്ടുകാരന്റെ കമ്പനിയിൽ പാർട്ണർഷിപ്പ് ചേര്‍ന്നു. ആദ്യമൊക്കെ നന്നായി മുന്നോട്ട് പോകുകയും എന്നാൽ ആത്മാർഥ കൂട്ടുകാരൻ എന്നുപറയുന്ന ആളിൽനിന്നും നെഞ്ച് തകരുന്ന സമീപനമാണ് ആ മനുഷ്യന് കിട്ടിയതെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു.
'വാഗ്ദാനങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ച് കയ്യിലുള്ളതെല്ലാം ഊറ്റിയെടുത്തിട്ട് തന്റെ കാര്യസാധ്യം കഴിഞ്ഞ് പറ്റിച്ചു പുറത്താക്കി. മാത്രമല്ല നിക്ഷേപിച്ച യാതൊരു പണവും തിരിച്ചു നൽകിയതുമില്ല. ഈ അവസ്ഥയിൽ എങ്ങനെ മാനസികമായി തകരാതിരിക്കും?'. ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ലെന്നും ഇതുപോലെ സുഹൃത്തുക്കളാൽ വഞ്ചിതരാകുന്ന നിരവധി പേര്‍ പ്രവാസ ലോകത്തുണ്ടെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു.
'മോഹന വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് എത്രയോ സാധുക്കളെ ഇങ്ങനെയുള്ള ദുഷ്ടന്മാർ ചതിക്കുന്നു, അവരെ ഇതുപോലെ മരണത്തിലേക്ക് തള്ളിവിടുന്നു.ആ കുടുംബത്തിന്റെ അവസ്ഥ. ഇതൊക്കെ ഈ ചതിയന്മാർ എവിടെകൊണ്ട് തീർക്കും?അവസാനം എല്ലാവർക്കും ആറടി മണ്ണല്ലേ ഉണ്ടാവുള്ളൂ ? ന്താ ഈ മനിസന്മാര് നന്നാവാത്തെ ?' എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം
പ്രവാസികൾക്കിടയിലുള്ള ചതിയും വഞ്ചനയും മൂലമുള്ള മാനസിക പിരിമുറുക്കങ്ങൾ കൊണ്ടുള്ള മരണങ്ങൾ തുടർക്കഥയാകുന്നു. അതിന്റെ ഒരു ഇരയാണ് ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ട ഒരു പാവം ഹതഭാഗ്യൻ.നാടും വീടും വിട്ട് ഈ പ്രവാസത്തിൽ വന്നു കഷ്ടപ്പെട്ട് സ്വരുക്കൂട്ടിവച്ച സാമ്പാദ്യവും, പോരാത്തതിന് നാട്ടിലുള്ള വസ്തുക്കൾ വിറ്റും ആ സാമ്പാധ്യമെല്ലാം എടുത്ത് നല്ലൊരു നാള് കിനാവ് കണ്ട്, തന്റെ ആത്മാർത്ഥ കൂട്ടുകാരന്റെ കമ്പനിയിൽ പാർട്ണർഷിപ്പ് ചേരുകയും ചെയ്തു. ആദ്യമൊക്കെ നന്നായി മുന്നോട്ട് പോകുകയും എന്നാൽ പയ്യെ പയ്യെ ആത്മാർത്ഥ കൂട്ടുകാരൻ എന്നുപറയുന്ന ആളിൽനിന്നും നെഞ്ച് തകരുന്ന സമീപനമാണ് ഉണ്ടായിരുന്നത്. നല്ല വാഗ്ദാനങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ച് കയ്യിലുള്ളതെല്ലാം ഊറ്റിയെടുത്തിട്ട് തന്റെ കാര്യസാധ്യം കഴിഞ്ഞ് പാർട്ണർഷിപ്പിൽ പണം മുടക്കിയ ഈ സാധുവിനെ ഓരോന്നും പറഞ്ഞു പറ്റിച്ചു പുറത്താക്കിയെന്നു മാത്രമല്ല നിക്ഷേപിച്ച യാതൊരു പണവും തിരിച്ചു നൽകിയതുമില്ല. ഈ അവസ്ഥയിൽ എങ്ങനെ മാനസികമായി തകരാതിരിക്കും. ഇത് ഇവിടെ ഇങ്ങനെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല കെട്ടോ. നമുക്ക് ചുറ്റും ഇതുപോലെ സുഹൃത്തുക്കളാൽ വഞ്ചിതരാകുന്ന എത്രയോ പേരുണ്ട്. ഒരു സ്ഥാപനം കാണിച്ചു കൊണ്ട് ഒരുപാട് പേരുടെ കയ്യിൽനിന്നും പാർട്ണർഷിപ്പ് ചേർക്കാമെന്നു പറഞ്ഞുകൊണ്ട്,മോഹന വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് എത്രയോ സാധുക്കളെ ഇങ്ങനെയുള്ള ദുഷ്ടന്മാർ ചതിക്കുന്നു അവരെ ഇതുപോലെ മരണത്തിലേക്ക് തള്ളിവിടുന്നു.നിങ്ങളൊന്നു ആലോചിച്ചു നോക്യേ ആ കുടുംബത്തിന്റെ അവസ്ഥ. ഇതൊക്കെ ഈ ചതിയന്മാർ എവിടെകൊണ്ട് തീർക്കും?
അവസാനം എല്ലാവർക്കും ആറടി മണ്ണല്ലേ ഉണ്ടാവുള്ളൂ ?
ന്താ ഈ മനിസന്മാര് നന്നാവാത്തെ ?