
'മകളുടെ കല്യാണത്തിന് നാട്ടിലേക്ക് മടങ്ങാൻ പെട്ടി കെട്ടിവെച്ചു, അത്താഴം കഴിച്ചു കിടന്നയാൾ പിന്നെ എണീറ്റില്ല'; കുറിപ്പ് പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
|42 വയസുകാരനായ പ്രവാസിയാണ് മരിച്ചത്
കോഴിക്കോട്: മകളുടെ കല്യാണത്തിന് നാട്ടിലേക്ക് മടങ്ങാനിരുന്നയാൾ ഗൾഫിൽ മരിച്ചു. ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് സങ്കടകരമായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
''ഇന്ന് കയറ്റിവിട്ട അഞ്ച് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. തന്റെ പൊന്നുമകളുടെ കല്യാണം ഉറപ്പിച്ചു. നാട്ടിൽ പോകാൻവേണ്ടി സാധനങ്ങളെല്ലാം വാങ്ങി പെട്ടിയും കെട്ടിവച്ചു.സുന്ദരസ്വാപ്നങ്ങളെല്ലാം കണ്ടു, തന്റെ സ്നേഹിതന്മാരെയും ബന്ധുമിത്രാതികളെയുമെല്ലാം കല്യാണത്തിന് ക്ഷണിച്ചു. എല്ലാ ഒരുക്കങ്ങളും ചെയ്തുവച്ചു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുമായി നോമ്പിന് അത്താഴവും കഴിച്ചു കിടന്നുറങ്ങിയതാണ് പിന്നീട് എഴുന്നേറ്റില്ല. മരണം വന്നു മാടിവിളിച്ചു കൊണ്ടുപോയി''- അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് കയറ്റിവിട്ട അഞ്ച് മൃതാദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. തന്റെ പൊന്നുമകളുടെ കല്യാണം ഉറപ്പിച്ചു. നാട്ടിൽ പോകാൻവേണ്ടി സാധനങ്ങളെല്ലാം വാങ്ങി പെട്ടിയും കെട്ടിവച്ചു. സുന്ദരസ്വപ്നങ്ങളെല്ലാം കണ്ടു, തന്റെ സ്നേഹിതന്മാരെയും ബന്ധുമിത്രാതികളെയുമെല്ലാം കല്യാണത്തിന് ക്ഷണിച്ചു. എല്ലാ ഒരുക്കങ്ങളും ചെയ്തുവച്ചു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുമായി നോമ്പിന് അത്താഴവും കഴിച്ചു കിടന്നുറങ്ങിയതാണ്, പിന്നീട് എഴുന്നേറ്റില്ല. മരണം വന്നു മാടിവിളിച്ചു കൊണ്ടുപോയി. ഇതാണ് മക്കളേ അവസ്ഥ.
റൂമിൽ തൊട്ടടുത്തുകിടക്കുന്ന സ്നേഹിതന്മാർപോലും അറിയുന്നില്ല മരിച്ചൂന്ന്. 42 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരന് പറയത്തക്ക യാതൊരു അസുഖവുമുണ്ടായില്ല.നല്ല ചുറുചുറുക്കോടെ എല്ലാവരോടും സന്തോഷത്തോടെ പെരുമാറിയിരുന്ന ആ ചെറുപ്പക്കാരനെ ഇത്ര പെട്ടെന്ന് മരണം വന്നുകൊണ്ടുപോകുമെന്ന് ആരും കരുതിയിരുന്നില്ല. മനുഷ്യന്റെ അവസ്ഥ ഇങ്ങിനെയൊക്കെയാണ് ഭായ്. എന്തെല്ലാം ആശകളും ആഗ്രഹങ്ങളുമായിരിക്കണം ആ പിതാവിന് തന്റെ പൊന്നുമകളെക്കുറിച്ച് ഉണ്ടായിരിക്കുക. ഒരു മകളുടെ കല്യാണം എന്നുള്ളത് ഏതൊരു പിതാവിന്റെയും പറഞ്ഞറിയിക്കാൻ വയ്യാത്തത്രയും മനസ്സിന് സന്തോഷമുള്ള കാര്യമാണത്. ഈ ദുനിയാവില് മനുഷ്യൻ വിചാരിക്കുന്നപോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽപിന്നെ,,,,? ഇതുപോലെ എത്രയെത്ര സംഭവങ്ങൾ. സർവ്വശക്തൻ തുണക്കട്ടെ.