< Back
Kerala
കണ്ണൂരിലെ സംഘട്ടനങ്ങളിൽ ആസൂത്രകൻ എന്ന നിലയിൽ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേൾപ്പിച്ചയാൾ; സി.സദാനന്ദനെതിരെ അശോകൻ ചരുവിൽ
Kerala

'കണ്ണൂരിലെ സംഘട്ടനങ്ങളിൽ ആസൂത്രകൻ എന്ന നിലയിൽ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേൾപ്പിച്ചയാൾ'; സി.സദാനന്ദനെതിരെ അശോകൻ ചരുവിൽ

Web Desk
|
14 July 2025 12:58 PM IST

കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണ് ഇത്തരം മാധ്യമനിലപാടുകൾ

കോഴിക്കോട്: ബിജെപി നേതാവ് സി.സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച നടപടിയിൽ പ്രതികരണവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. കണ്ണൂര്‍ ജില്ലയിലെ ഒരു കാലത്തുണ്ടായ സംഘട്ടനങ്ങളിൽ ആസൂത്രകൻ എന്ന നിലയിൽ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേൾപ്പിച്ച ഒരാളെയാണ് കലാ, കായിക, സാഹിത്യ, വൈജ്ഞാനിക മേഖലകളിലെ പ്രതിഭകൾക്കുള്ള രാജ്യസഭാ മെമ്പർ സ്ഥാനത്തേക്ക് ഇപ്പോൾ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അശോകൻ ചരുവിലിന്‍റെ കുറിപ്പ്

ആർഎസ്എസ് കടന്നുവന്നതോടെയാണ് കായികമായ സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും കേരളരാഷ്ട്രീയത്തിൻ്റെ ഭാഗമാകുന്നത്. അതുവരെ ആശയസംവാദങ്ങളിലൂന്നി മാത്രം പ്രവർത്തിച്ചിരുന്ന മതേതര ജനാധിപത്യ രാഷ്ട്രീയപാർട്ടികളെ പോലും തങ്ങളുടെ കൈക്കരുത്ത് ശൈലിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നത് ആർഎസ്എസിൻ്റെ വിജയമായി കരുതാം. ഹിംസയെ സമൂഹത്തിൻ്റെ സംസ്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന ഗോഡ്‌സെയിസ്റ്റുകളെ കായികമായി തടയുന്നത് നിഷ്ഫലമാണെന്ന് അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതിൻ്റെ ഫലമായി കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങൾ ഒരുകാലത്ത് അത്യന്തം സംഘർഷഭരിതമായി.

അക്കാലത്തെ സംഘട്ടനങ്ങളിൽ ആസൂത്രകൻ എന്ന നിലയിൽ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേൾപ്പിച്ച ഒരാളെയാണ് കലാ, കായിക, സാഹിത്യ, വൈജ്ഞാനിക മേഖലകളിലെ പ്രതിഭകൾക്കുള്ള രാജ്യസഭാ മെമ്പർ സ്ഥാനത്തേക്ക് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസ /വൈജ്ഞാനിക മേഖലയിൽ എന്തെങ്കിലും സവിശേഷ സംഭാവന അദ്ദേഹം ചെയ്തതായി അറിവില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏതെങ്കിലും ഒരു പൊതുജനസഭയിലേക്ക് ജനങ്ങൾ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായും അറിവില്ല. ആദ്യകാലത്ത് മഹാകവി ജി.ശങ്കരക്കുറുപ്പ് ഉൾപ്പെടെയുള്ളവർക്ക് നൽകിയിരുന്ന ബഹുമതിയാണ് ഇതെന്ന് ഓർക്കണം.

ഇങ്ങനെയൊരാളെ നിയോഗിച്ചതുകണ്ട് നമ്മുടെ ഒരു കൂട്ടം ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്ന ആഹ്ളാദത്തെ അശ്ലീലം എന്നല്ലാതെ മറ്റൊരു മട്ടിൽ വിശേഷിപ്പിക്കാനാവില്ല. കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് വലിയ പ്രോത്സാഹനം നൽകുന്നതാണ് ഇത്തരം മാധ്യമനിലപാടുകൾ. ഈ നിയമനത്തിനെതിരെ സുചിന്തിതമായ തൻ്റെ നിലപാടിലൂടെ പ്രതിഷേധിച്ചു കണ്ടത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനാധിപത്യബോധവും മതേതരവീക്ഷണവുമുള്ള കോൺഗ്രസ് നേതാക്കളിൽ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്.

Similar Posts