< Back
Kerala
ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ ശിവഗിരിയിലൊരു മുസ്‌ലിം പള്ളി കൂടി തലയുയർത്തി നിൽക്കുമായിരുന്നു: ഗുരുവും മുസ്‌ലിയാരും തമ്മിലെ സൗഹൃദം ഓർമിപ്പിച്ച് അശോകൻ ചെരുവിൽ
Kerala

'ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ ശിവഗിരിയിലൊരു മുസ്‌ലിം പള്ളി കൂടി തലയുയർത്തി നിൽക്കുമായിരുന്നു': ഗുരുവും മുസ്‌ലിയാരും തമ്മിലെ സൗഹൃദം ഓർമിപ്പിച്ച് അശോകൻ ചെരുവിൽ

Web Desk
|
21 July 2025 9:25 AM IST

രോഗം മൂലം അവശനായ അസീസ് മുസ്‌ലിയാരെ ശ്രീനാരായണ ഗുരു ശിവഗിരിയിലേക്ക് ക്ഷണിക്കുന്നതും പ്രാർഥനക്ക് വേണ്ടി മാത്രം ശിവഗിരിയിൽ പള്ളി പണിതുതരാം എന്ന് പറയുന്നതുമാണ് അശോകൻ ചെരുവിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നത്

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരവെ ശ്രീനാരായണ ഗുരുവും സുഹൃത്തായ അബ്ദുൽ അസീസ് മുസ്‌ലിയാരും തമ്മിലെ സൗഹൃദം ഓർമിപ്പിച്ച്‌ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍.

രോഗം മൂലം അവശനായ അസീസ് മുസ്ലിയാരെ ശ്രീനാരായണ ഗുരു ശിവഗിരിയിലേക്ക് ക്ഷണിക്കുന്നതും പ്രാർഥനക്ക് വേണ്ടി മാത്രം ശിവഗിരിയിൽ പള്ളി പണിതുതരാം എന്ന് പറയുന്നതുമാണ് അശോകന്‍ ചെരുവിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുൾ അസീസ് മുസലിയാർ. അവധൂതകാലം മുതലേ ഗുരു അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു താമസിക്കാറുണ്ട്. പിന്നീട് ശിവഗിരിയിലും അവർ സന്ധിക്കാറുണ്ട്.

ഒരിക്കൽ മുസലിയാരുടെ വീട്ടിൽ ഗുരു ചെന്നപ്പോൾ രോഗം കൊണ്ട് അദ്ദേഹം തീരെ അവശനാണെന്ന് കണ്ടു. അദ്ദേഹത്തോട് വിശ്രമിക്കുവാൻ ഗുരു ആവശ്യപ്പെട്ടു.

മുസലിയാർ പറഞ്ഞു: ഇവിടെയിങ്ങനെ കിടക്കുമ്പോൾ ഒരസൗകര്യം വായനക്കാണ്. ഇവിടെ പുസ്തകങ്ങൾ കാര്യമായിട്ടില്ല.

ഗുരു പറഞ്ഞു: ഗിവഗിരിയിലേക്ക് പോരൂ. അവിടെ താമസിക്കാം. അവിടെ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. സമാധാനമായി ഇരുന്നു വായിക്കാം.

മുസലിയാർ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.

ഗുരു തുടർന്നു: പ്രാർത്ഥനക്കു വേണ്ടി ശിവഗിരിയിൽ ഒരു പള്ളി പണിഞ്ഞു തരാം. പോന്നോളൂ.

മുസലിയാർ വീടുവിട്ടു നിൽക്കാൻ തയ്യാറായില്ല. അദ്ദേഹം അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ ശിവഗിരിയിൽ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയർത്തി നിൽക്കുമായിരുന്നു.

(വിവരങ്ങൾക്ക് വക്കം സുകുമാരന്റെ ലേഖനത്തോട് കടപ്പാട്)

Similar Posts