< Back
Kerala
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; അസമിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎമാര്‍ ബിജെപിയിൽ
Kerala

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; അസമിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎമാര്‍ ബിജെപിയിൽ

Web Desk
|
5 March 2026 10:48 AM IST

നിയമസഭാംഗങ്ങളായ ശശികാന്ത ദാസ്, കമലാഖ്യ ദേ പുർകയസ്ത , ബസന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേര്‍ന്നത്

ദിസ്പൂര്‍: അസം കോൺഗ്രസിൽ വീണ്ടും രാജി. കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിലേക്ക്. പുറത്താക്കപ്പെട്ട മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജി.

നിയമസഭാംഗങ്ങളായ ശശികാന്ത ദാസ്, കമലാഖ്യ ദേ പുർകയസ്ത , ബസന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേര്‍ന്നത്. വ്യാഴാഴ്ച ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രസിഡന്‍റ് ദിലീപ് സൈകിയ അംഗത്വം കൈമാറി. അസം കാബിനറ്റ് മന്ത്രി പിജുഷ് ഹസാരിക, കേന്ദ്ര സഹമന്ത്രി പാബിത്ര മാർഗരിറ്റ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളും മറ്റ് പാർട്ടി നേതാക്കളും നിയമസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മാസം അസം മുൻ കോൺഗ്രസ് അധ്യക്ഷനായ ഭൂപൻ കുമാര്‍ ബോറ ബിജെപിയിൽ ചേര്‍ന്നിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു നഷ്ടമാണിത്.

''മറ്റ് പാര്‍ട്ടികളിൽ നിന്നുള്ള പ്രത്യേകിച്ച് കോൺഗ്രസിൽ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിൽ ചേരുന്നു. അവര്‍ നമ്മുടെ പ്രത്യയശാസ്ത്രത്തോടുള്ള പിന്തുണ പ്രകടമാക്കുകയാണ്'' കേന്ദ്ര സഹമന്ത്രി പാബ്രിത മാര്‍ഗരിറ്റ എഎൻഐയോട് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി 42 സ്ഥാനാർഥികളുടെ പട്ടിക എഐസിസി പുറത്തിറക്കി. ഗൗരവ് ഗോഗോയ്, ദേബബ്രത സൈകിയ, രിപുൻ ബോറ, മീര ബർത്തക്കൂർ ഗോസ്വാമി എന്നിവര്‍ മത്സരരംഗത്തുണ്ട്. കോൺഗ്രസ് പട്ടികയിൽ പുതുമയില്ലെന്നും പലവട്ടം ജനങ്ങൾ തള്ളിക്കളഞ്ഞവരാണ് ഇതിലുള്ളതെന്നും പബ്രിത പരിഹസിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഈ പട്ടികയെ 'വംശീയ പട്ടിക' എന്നാണ് വിശേഷിപ്പിച്ചത്. ബിജെപി താഴെത്തട്ടിലുള്ള പ്രവർത്തകർക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിജെപി ഉടൻ തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടേക്കും. എൻഡിഎ സഖ്യത്തിൽ ബിജെപി 103 സീറ്റുകളോളം ലക്ഷ്യമിടുന്നുണ്ടെങ്കിലും സഖ്യകക്ഷികളായ എജിപി, യുപിപിഎൽ എന്നിവരുമായുള്ള സീറ്റ് ചർച്ചകൾ മാർച്ച് 15-ഓടെ പൂർത്തിയാകും. അസമിലെ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Similar Posts