< Back
Kerala
കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ കേസ്; അസം സ്വദേശി അറസ്റ്റിൽ
Kerala

കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ കേസ്; അസം സ്വദേശി അറസ്റ്റിൽ

Web Desk
|
15 Oct 2023 1:33 PM IST

പരാതിക്കാരി ആറ് വർഷം മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്‌കറിനെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. അസമിൽ നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ പി.കെ ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അസം നിതായി നഗർ സ്വദേശിയായ അബ്ദുൽ റഹ്മാൻ ലസ്കറിനെ പൊലീസ് പിടികൂടിയത്. പണം പിൻവലിക്കാൻ ചെക്ക് നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്ന് ബാങ്കിൽ നിന്ന് മറുപടി ലഭിച്ചതോടെയാണ് പരാതിക്കാരിയും ബന്ധുക്കളും തട്ടിപ്പ് അറിഞ്ഞത്. തുടർന്ന് സെപ്തംബർ ഇരുപത്തി ഒന്നിന് പന്നിയങ്കര പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിൽ ജൂലൈ- സെപ്തംബർ മാസത്തിനിടെ പല തവണകളായാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. ഈ പണം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് പരിശോധിച്ചതിൽ അസമിലെ ബാങ്ക് അക്കൗണ്ട് ആണെന്നും കണ്ടെത്തി. അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. തുടർന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ. മുരളീധരൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘം അസമിൽ പോയി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അസം പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ബന്ധുവായ സോഫ്റ്റ് വെയർ എഞ്ചിനീയറുടെ സഹായത്തോടെയാണ് പ്രതി അബ്ദുൽ റഹ്മാൻ തട്ടിപ്പ് നടത്തിയത്. പരാതിക്കാരി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടുപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ആറ് വർഷം മുമ്പ് ഉപേക്ഷിച്ചു. ഈ നമ്പർ പിന്നീട് ഉപയോഗിക്കാൻ ലഭിച്ചതോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ മൊബൈൽ നമ്പറിലേക്ക് ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ സഹായത്തോടെയാണ് ഓൺലൈൻ ട്രാൻസാക്ഷൻ ആപ് ഉപയോഗിച്ച് പണം തട്ടിയത്. തട്ടിപ്പിലൂടെ പ്രതി കൈവശപ്പെടുത്തിയ മുഴുവൻ തുകയും തിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ സഹായിച്ച ബന്ധുവിനെ പിടികൂടാനായില്ല. തുടർ നടപടികൾക്കായി ഇയാളുടെ വിവരങ്ങൾ പന്നിയങ്കര പൊലീസ് അസം പൊലീസിന് കൈമാറി.


Similar Posts