
നിയമസഭാ തെരഞ്ഞെടുപ്പ്; കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ലീഗ്
|കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്തു
വയനാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീററിൽ കണ്ണുവെച്ച് മുസ്‍ലിം ലീഗ്. സീറ്റ് ആവശ്യപ്പെടാമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ജില്ല നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ ലീഗിന് ലഭിച്ച വലിയ മേൽക്കൈ ആണ് അവകാശവാദത്തിന് പിന്നിൽ.
തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു തൊട്ട് പിന്നാലെയാണ് കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാൻ മുസ്‍ലിം ലീഗ് നീക്കം നടത്തുന്നത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ എട്ടിലും ഭരണം യുഡിഎഫിനാണ്. ഏഴ് പഞ്ചായത്തുകളിലും പ്രസിഡന്‍റ് പദവിയിലുള്ളത് മുസ്‍ലിം ലീഗും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും മുസ്‍ലിം ലീഗിൽ നിന്ന് തന്നെ.
ഈ ഘടകങ്ങളെല്ലാം മുൻനിർത്തിയാണ് കൽപ്പറ്റ സീറ്റിൽ അവകാശവാദം ഉന്നയിക്കാൻ ലീഗ് നീങ്ങുന്നത്. കഴിഞ്ഞദിവസം നടന്ന മുസ്‍ലിം ലീഗ് ജില്ല നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്തു. കൽപ്പറ്റയിൽ മത്സരിച്ചാൽ ലീഗിനുള്ള വിജയസാധ്യതകളെ കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. തങ്ങളുടെ സിറ്റിങ് സീറ്റിൽ ലീഗ് അവകാശവാദമുന്നയിക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയുണ്ട്. പ്രശ്നങ്ങളില്ലാതെ ചർച്ചകൾ പൂർത്തീകരിക്കാനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്.