< Back
Kerala
സ്റ്റേഷൻ മർദനങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം, രാഹുൽ വിഷയം പ്രധാന ആയുധമാക്കാൻ ഭരണപക്ഷം; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം
Kerala

സ്റ്റേഷൻ മർദനങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം, രാഹുൽ വിഷയം പ്രധാന ആയുധമാക്കാൻ ഭരണപക്ഷം; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

Web Desk
|
14 Sept 2025 6:41 AM IST

രാഹുൽ സഭയിൽ എത്തിയാൽ പി.വി അൻവർ നേരത്തെ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ വിവാദ പെരുമഴയ്ക്കിടെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.പരസ്പരം ഏറ്റുമുട്ടാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങൾ നിരവധിയാണ്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പൊലീസ് സ്റ്റേഷനുകളിലെ മർദനങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിരോധം തീർക്കും. കോൺഗ്രസിന്റെ പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നാൽ, നേരത്തെ പി.വി അൻവർ ഇരുന്ന ബ്ലോക്കിൽ ആയിരിക്കും സ്ഥാനം.

സാധാരണഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക.ഇത്തവണ പക്ഷേ ചില മാറ്റങ്ങൾ ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് ഭരണപക്ഷത്തിന്റെ തുറുപ്പ്.

രാഹുൽ എത്തിയാൽ ഇതുവരെ ഉയർന്ന സർവാരോപണങ്ങളും എടുത്ത് സഭാ രേഖകളിൽ എത്തിക്കാനാണ് സിപിഎം തീരുമാനം.ഒരു പരിധിവിട്ട് രാഹുലിനെ കോൺഗ്രസ് പ്രതിരോധിക്കില്ല എന്ന ബോധ്യവും സിപിഎമ്മിനുണ്ട്.പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയ പശ്ചാത്തലത്തിൽ രാഹുൽ സഭയിൽ എത്തിയാൽ പി.വി അൻവർ നേരത്തെ ഇരുന്ന പ്രത്യേക ബ്ലോക്കിൽ ആയിരിക്കും ഇരിപ്പിടം.എന്നാൽ രാഹുലിനെ കടന്നാക്രമിക്കാൻ സിപിഎം തീരുമാനിച്ചാൽ കോൺഗ്രസ് അംഗങ്ങൾ പ്രതിരോധം തീർക്കാൻ സാധ്യത കുറവാണ്.

അതേസമയം, എം മുകേഷിനും എ കെ ശശീന്ദ്രനും എതിരായ ആരോപണങ്ങൾ ഉയർത്തി പാർട്ടിക്ക് യുഡിഎഫ് അംഗങ്ങൾ പ്രതിരോധം തീർത്തേക്കും.പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ കയ്യിലുള്ള മറ്റൊരായുധം. ഇതുവരെ മൗനം തുടർന്ന മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞേക്കും. അയ്യപ്പ സംഗമവും, തൃശ്ശൂരിലെ ശബ്ദരേഖ വിവാദവും എല്ലാം സഭയിൽ ഉയർന്നു വരും.വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമ ഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമാണങ്ങൾ സഭയിൽ എത്തുന്നുണ്ട്.ഒക്ടോബർ 10 വരെയാണ് സഭ ചേരുന്നത്.


Similar Posts