< Back
Kerala
ശബരിമല സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും;   ചോദ്യോത്തര വേള മുതൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം
Kerala

ശബരിമല സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും; ചോദ്യോത്തര വേള മുതൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം

Web Desk
|
4 Feb 2026 6:29 AM IST

കേന്ദ്ര അവഗണനക്കെതിരായ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും. ഇന്നലത്തെ പോലെ ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിനെതിരെ കിട്ടിയ ആയുധം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് യുഡിഎഫ് തീരുമാനം. സഭാ കവാടത്തിൽ രണ്ട് പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹ സമരം തുടരുകയാണ്.

ഇന്നലെ സ്വർണക്കൊള്ള ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭയിൽ നാടകീയ നീക്കങ്ങളാണ് നടന്നത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ കയറിയതോടെ രണ്ട് തവണ സഭ നിർത്തി വെച്ചു. പ്രതികൾക്ക് ജാമ്യം കിട്ടാൻ കാരണം എസ്ഐടിക്ക്‌ മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എന്നായിരുന്നു പ്രതിപക്ഷ ആരോപണം.

ശബരിമല സ്വർണക്കൊളള വിഷയം ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം ഉയർത്തി. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ബാനറും പ്ലക്കാർഡുകളുമായി പ്രതിഷേധം കനത്തതോടെ സഭ ബഹളത്തിൽ മുങ്ങി. ബഹളം തുടരുന്നതിനിടെ ആലുവ എംഎല്‍എ അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചു. ഇതോടെ സ്പീക്കർ സഭ നിർത്തിവെക്കുകയായിരുന്നു.

അതേസമയം, കേന്ദ്ര അവഗണനക്കെതിരായ പ്രത്യേക പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.ബജറ്റിലെ സംസ്ഥാനത്തോടുള്ള അവഗണനയുടെ പശ്ചാത്തലത്തിലാണ് പ്രമേയം സർക്കാർ കൊണ്ട് വരുന്നത്.തുടർച്ചയായി നിയമസഭാ ബഹിഷ്കരിക്കുന്ന പ്രതിപക്ഷം പ്രമേയത്തോട് സഹകരിക്കുമെന്നാണ് സൂചന.


Similar Posts