< Back
Kerala
കൊച്ചിയിലെ എടിഎം കവർച്ച; പ്രതി മുബാറക്കുമായി ഇന്ന് തെളിവെടുപ്പ്
Kerala

കൊച്ചിയിലെ എടിഎം കവർച്ച; പ്രതി മുബാറക്കുമായി ഇന്ന് തെളിവെടുപ്പ്

Web Desk
|
27 Aug 2022 6:59 AM IST

യുപി സ്വദേശിയായ മുബാറക്ക് സ്വന്തം നാട്ടിൽ സുഹൃത്തുമായി ചേർന്ന് എടിഎം കവർച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

കൊച്ചി: കൊച്ചിയിലെ എടിഎമ്മുകളിൽ നിന്നും പണം കവർന്ന കേസിലെ പ്രതി മുബാറക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം എടിഎമ്മുകളിൽ എത്തിച്ചു തെളിവെടുപ്പ് നടത്താൻ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം. യു പി സ്വദേശിയായ മുബാറക്കിൻ്റെ അറസ്റ്റ് ഇന്നലെ കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ കൊച്ചി ഇടപ്പള്ളിയിൽ നിന്ന് പ്രതി മുബാറക്കിനെ അതിസാഹസികമായാണ് കളമശേരി പൊലീസ് പിടികൂടിയത്. യുപി സ്വദേശിയായ മുബാറക്ക് സ്വന്തം നാട്ടിൽ സുഹൃത്തുമായി ചേർന്ന് എടിഎം കവർച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് ശേഷം മുംബൈയിലും ബാംഗ്ലൂരിലുമൊക്കെ കറങ്ങി ഇക്കഴിഞ്ഞ 17 നാണ് കൊച്ചിയിലെത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ ഇയാൾ കളമശ്ശേരിയിലെ എടിഎമ്മുകളിൽ കവർച്ച നടത്തുകയായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ വിവിധ എടിഎമ്മുകളില്‍ നിന്നായി കാല്‍ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എടിഎമ്മിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് സ്കെയിൽ വലുപ്പത്തിൽ ഫൈബർ കൊണ്ടുള്ള വസ്തു ഘടിപ്പിച്ച ശേഷം പുറത്തിറങ്ങി എടിഎമ്മിലേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും. പണമെടുക്കാന്‍ കഴിയാതെ ഇടപാടുകാര്‍ മടങ്ങുമ്പോൾ, ഈ തക്കം നോക്കി അകത്ത് കടന്ന് ഘടിപ്പിച്ച വസ്തു ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങുന്നതാണ് മുബാറക്കിന്റെ രീതി. എടിഎം തട്ടിപ്പ് കൂടുതൽ സ്ഥലങ്ങളിൽ നടന്നിട്ടുണ്ടോ എന്നതും, ആരെങ്കിലും ഇയാൾക്ക് സഹായം നൽകിയോ എന്നതുമാണ് പൊലീസ് അന്വേഷിക്കുന്നത്.

Similar Posts