< Back
Kerala
കൊലപാതകത്തെക്കുറിച്ച് ഒന്നുമറിയില്ല: മധുവധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി
Kerala

'കൊലപാതകത്തെക്കുറിച്ച് ഒന്നുമറിയില്ല': മധുവധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

Web Desk
|
16 Sept 2022 11:44 AM IST

കേസിലെ 21 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്

മണ്ണാർക്കാട്‌: അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും സാക്ഷി കൂറുമാറി. 36-ആം സാക്ഷി അബ്ദുൾ ലത്തീഫ് ആണ് കൂറുമാറിയത്.

മധുവിന്റെ കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് അബ്ദുൾ ലത്തീഫ് കോടതിയിൽ പറഞ്ഞു. കേസിലെ 21 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. നാല് സാക്ഷികൾ ഇന്നലെ കൂറുമാറിയിരുന്നു. 35ാം സാക്ഷി അനൂപ്, മണികണ്ഠൻ, മനാഫ്, രഞ്ജിത്ത് എന്നിവരാണ് ഇന്നലെ കൂറുമാറിയത്.

പ്രതികൾക്ക് ജാമ്യം നൽകിയതാണ് സാക്ഷികളെ സ്വാധീനിക്കാനും കൂറുമാറാനും ഇടയാക്കിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. കൂറുമാറിയ സാക്ഷികളുടെ ഫോണിലേക്ക് പ്രതികൾ വിളിച്ചതിന്റെ ഫോൺ രേഖകൾ കോടതിയിൽ ഹാജരാക്കിയതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കേസിൽ നേരത്തെ കോടതിയിൽ നൽകിയ മൊഴി, കൂറുമാറിയ സാക്ഷികളിലൊരാളായ സുനിൽകുമാർ തിരുത്തിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഹാജരായപ്പോഴായിരുന്നു സുനിൽ‍കുമാർ മൊഴി തിരുത്തിപ്പറഞ്ഞത്.

മർദനമേറ്റ് മധു മുക്കാലിയിൽ ഇരിക്കുന്നത് കണ്ടെന്നും കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ ഉള്ളത് താൻ ആണെന്നും ഇയാൾ സമ്മതിച്ചു.കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. സുനിൽകുമാറിന്റെ കാഴ്ച പരിശോധിച്ച ഡോക്ടറെവിസ്തരിക്കും. നാളെ ഹാജരാകണമെന്ന് കാണിച്ച് ഡോക്ടർക്ക് കോടതി നോട്ടീസ് നൽകി.

Similar Posts