< Back
Kerala
ഉണ്ടായിരുന്നത് നിലത്ത് ഉരസിയ ചെറിയ മുറിവ്; ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി അധികൃതർ
Kerala

'ഉണ്ടായിരുന്നത് നിലത്ത് ഉരസിയ ചെറിയ മുറിവ്'; ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി അധികൃതർ

Web Desk
|
5 Oct 2025 3:19 PM IST

കുട്ടിയുടെ കൈ പൂർണമായി പ്ലാസ്റ്റർ ഇട്ടിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു

പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതിൽ വിശദീകരണവുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. കുട്ടിയുടെ കൈ പൂർണമായി പ്ലാസ്റ്റർ ഇട്ടിരുന്നില്ലെന്നും നീര് വരികയാണെങ്കിൽ വീണ്ടും വരണമെന്ന് നിർദേശിച്ചിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

നിലത്ത് ഉരസിയ ചെറിയ മുറിവ് മാത്രമായിരുന്നു കുട്ടിയുടെ കൈയിലുണ്ടായിരുന്നത്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ കൈയുടെ അപകടാവസ്ഥയ്ക്ക് കാരണം വ്യക്തമല്ല. അത് കൂടുതൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. അത് ചെയ്യേണ്ടത് കോഴിക്കോട് മെഡിക്കൽ കോളജ്. സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓർത്തോ മേധാവി ഡോ. ടോണി ജോസഫ് വ്യക്തമാക്കി.

സെപ്റ്റംബർ 24, 25 തിയതികളിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഓർത്തോ ഡിപാർട്ട്മെൻ്റിൽ എത്തിയ കുട്ടിയുടെ കൈയ്യുടെ രക്ത ഓട്ടത്തിൽ ഒരു പ്രശ്നവും ഇല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 30ന് ആശുപത്രിയിലെ ഓർത്തോ ഒപിയിൽ എത്തിയ കുട്ടിയുടെ കൈയിലേക്ക് രക്തം വരുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

എന്തുകൊണ്ടാണ് കുട്ടിയുടെ കൈയ്യിലേക്ക് രക്തംവരാതിരിക്കുന്നത് എന്നത് സംബന്ധിച്ചും എങ്ങനെയാണ് കൈ പഴുത്തത് എന്നത് സംബന്ധിച്ചും പാലക്കാട് മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഡോ സിജു കെ.എം, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ജൂനിയർ കൺസൽട്ടൻ്റ് ഡോ . ജൗഹർ കെ.ടി എന്നിവരുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല.

ശാസ്ത്രീയമായ ചികിത്സനൽകിയതായും ഡിഎംഒക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണിതെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Similar Posts