< Back
Kerala
ചേർത്തു പിടിച്ചവർക്ക് ഹൃദയത്തിൽ നിന്ന് നന്ദി; ആശുപത്രി കിടക്കയിൽ ആദ്യ പ്രതികരണവുമായി ആവണി

Avani | Photo | Special arrangement

Kerala

'ചേർത്തു പിടിച്ചവർക്ക് ഹൃദയത്തിൽ നിന്ന് നന്ദി'; ആശുപത്രി കിടക്കയിൽ ആദ്യ പ്രതികരണവുമായി ആവണി

Web Desk
|
29 Nov 2025 3:00 PM IST

വിവാഹദിനത്തിൽ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ ആവണിയുടെ വിവാഹം മുൻനിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ നടക്കുകയായിരുന്നു

കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും നൊമ്പരങ്ങളിലും ചേർത്തുപിടിച്ചവർക്കും എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണിയുടെ ആദ്യ പ്രതികരണം. എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് ആവണി വ്യക്തമാക്കി. ആപത്തിൽ ചേർന്നുനിന്ന ഭർത്താവ് ഷാരോൺ ആത്മവിശ്വാസം പകർന്ന് ഒപ്പമുണ്ടായിരുന്നു.

അപകടത്തിന് ശേഷം ആദ്യമായി വിപിഎസ് ലേക്‌ഷോറിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി. സ്‌പൈൻ ശസ്ത്രക്രിയക്ക് ശേഷം ആവണിയെ തുടർചികിത്സക്ക് മുറിയിലേക്ക് മാറ്റിയിരുന്നു. എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോറിനെ കുടുംബത്തോടൊപ്പം ചേർത്തുപിടിക്കുകയാണെന്ന് ആവണി പറഞ്ഞു. 'വിവാഹ സമ്മാനമായി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ചികിത്സ സൗജന്യമാക്കിയതിനും ഇവിടുത്തെ ഓരോരുത്തരും നൽകിയ പിന്തുണകൾക്കും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. സ്പർശനമറിയാതെ, കാലുകൾ അവിടെയുണ്ടെന്ന് പോലും തിരിച്ചറിയാത്ത വിധത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. വിരലുകൾ പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലായിരുന്നു. എന്നാൽ ഇവിടുത്തെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ആത്മവിശ്വാസം പകർന്നു. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോ തെറാപ്പി ആരംഭിച്ചു. ഇപ്പോൾ സ്പർശനം തിരിച്ചറിയാനാകുന്നുണ്ട്. അധികം വൈകാതെ പഴയത് പോലെ എണീറ്റ് നടക്കാനാകുമെന്ന് ഇപ്പോൾ എനിക്ക് ഉറപ്പായി. 'അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവൻ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓർത്തത്. എന്നാൽ ഷാരോൺ എന്നെ ചേർത്തുപിടിച്ച് ഒപ്പം നിന്നു- ആവണി കൂട്ടിച്ചേർത്തു.

ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോൺ പറഞ്ഞു. 'എന്ത് തന്നെ സംഭവിച്ചാലും ജീവിത കാലം മുഴുവൻ ഒപ്പമുണ്ടെന്ന് അറിയിക്കാൻ ഓടിയെത്തുകയായിരുന്നു'വെന്നും ഷാരോൺ വ്യക്തമാക്കി. വിപിഎസ് ലേക്‌ഷോറിലെ ഓരോരുത്തരും നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. ആദ്യം തന്നെ, എല്ലാവരും കൂടെയുണ്ടെന്ന ഉറപ്പ് നൽകി ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരൻ ധൈര്യം പകർന്നു. മറ്റ് ഡോക്ടർമാർ, ആശുപത്രി മാനേജ്മെന്റ്, ജീവനക്കാർ, ബന്ധുക്കൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു. പല ഭാഷകളിൽ നിന്നുള്ളവർ സ്നേഹാശംസകൾ അറിയിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിന് ശേഷം ചെറിയ രീതിയിൽ ഒരു വിവാഹ സൽക്കാരം നടത്തണമെന്ന ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.

ആലപ്പുഴ തുമ്പോളിയിൽ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ ആവണിയുടെ വിവാഹം മുൻനിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ എറണാകുളം വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തിൽ നടക്കുകയായിരുന്നു.

Similar Posts