< Back
Kerala
നോട്ടീസ് അടിച്ചത് ബോർഡ് ആവശ്യപ്പെട്ട പ്രകാരം; പകർപ്പ് പ്രസിഡന്റിനും സെക്രട്ടറിക്കും അയച്ചിരുന്നെന്ന് ബി.മധുസൂദനൻ നായർ
Kerala

'നോട്ടീസ് അടിച്ചത് ബോർഡ് ആവശ്യപ്പെട്ട പ്രകാരം'; പകർപ്പ് പ്രസിഡന്റിനും സെക്രട്ടറിക്കും അയച്ചിരുന്നെന്ന് ബി.മധുസൂദനൻ നായർ

Web Desk
|
11 Nov 2023 4:29 PM IST

നോട്ടീസിലെ ആശയം ദേവസ്വം ബോർഡിൻറെ ആശയമല്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപന്റെ പ്രതികരണം.

തിരുവനന്തപുരം: ആരെയും അപമാനിക്കാനോ പുകഴ്ത്താനോ വേണ്ടിയല്ല വിവാദ നോട്ടീസ് തയ്യാറാക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക- പുരാവസ്തു ഡയറക്ടർ ബി.മധുസൂദനൻ നായർ. ബോർഡ് ആവശ്യപ്പെട്ട പ്രകാരമാണ് നോട്ടീസ് അടിച്ചത്. പകർപ്പ് പ്രസിഡന്റിനും സെക്രട്ടറിക്കും അംഗങ്ങൾക്കും അയച്ചിരുന്നുവെന്നും ബി.മധുസൂദനൻ നായർ മീഡിയവണിനോട് പറഞ്ഞു. ഒരു പക്ഷേ ശബരിമലയിലെ തിരക്ക് കാരണം കാണാത്തതാകാമെന്നും മധുസൂദനൻ നായർ കൂട്ടിച്ചേർക്കുന്നു.

ക്ഷേത്രപ്രവേശന വിളംബരം ആരുടെയും ഔദാര്യമായി ലഭിച്ചതല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ പ്രതികരിച്ചു. സമരങ്ങളുടെ ഭാഗമായാണ് ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് എത്തിയത്. നോട്ടീസിലെ ആശയം ദേവസ്വം ബോർഡിൻറെ ആശയമല്ലെന്നും അനന്തഗോപൻ പറഞ്ഞു.

അതേസമയം, വിവാദം കനത്ത പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിച്ചിരുന്നു. പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. നോട്ടീസിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മനസിൽ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ല. അതിങ്ങനെ തികട്ടിവരും. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കിൽ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. ബോർഡ് പ്രസിഡൻറ് കെ.അനന്ത ഗോപനുമായി മന്ത്രി സംസാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

Similar Posts