< Back
Kerala
ഇനി വരാനുള്ളത് എഡ്യൂക്കേഷണല്‍-കള്‍ച്ചറല്‍-ബിസിനസ് ജിഹാദുകള്‍; നാര്‍കോട്ടിക് ജിഹാദിനെതിരെ ബഹാഉദ്ദീന്‍ നദ്‍വി
Kerala

'ഇനി വരാനുള്ളത് എഡ്യൂക്കേഷണല്‍-കള്‍ച്ചറല്‍-ബിസിനസ് ജിഹാദുകള്‍'; നാര്‍കോട്ടിക് ജിഹാദിനെതിരെ ബഹാഉദ്ദീന്‍ നദ്‍വി

Web Desk
|
9 Sept 2021 7:12 PM IST

"സത്യമതത്തെ കുറിച്ച് സ്വന്തം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വരുമ്പോഴാണ് മറ്റുള്ളവരോട് ശത്രുത പുലര്‍ത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യേണ്ടിവരുന്നത്."

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെതിരെ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി. കടുത്ത ഇസ്‍ലാം വിരോധികളുടെ സംസാരത്തിന് സമാനമായിരുന്നു ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും സൂചിപ്പിച്ചുള്ള പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശമെന്നും ബഹാഉദ്ദീന്‍ നദ്‍വി കുറ്റപ്പെടുത്തി.

വിശ്വാസികളെ വശീകരിക്കാന്‍ കേരളത്തില്‍ എഡ്യുക്കേഷനല്‍ ജിഹാദ്, കള്‍ച്ചറല്‍ ജിഹാദ്, ബിസിനസ് ജിഹാദ് എന്നിവകൂടിയുണ്ടെന്ന് അടുത്ത വചന സന്ദേശത്തില്‍ പറയുന്നതായിരിക്കും നല്ലതെന്നും ബഹാഉദ്ദീന്‍ നദ്‍വി ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ നീതിപീഠം പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് വിഷയം വീണ്ടുമുയര്‍ത്തി സമൂഹത്തെ കൂടുതല്‍ വര്‍ഗീയമാക്കാനുതകുന്നതാണ് ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍. വിദ്വേഷവും മതവിരുദ്ധതയും പ്രചരിപ്പിക്കുന്നതിന് പകരം, മതങ്ങള്‍ക്കിടയില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ ഉണ്ടാക്കാനാണ് പണ്ഡിതര്‍ ശ്രമിക്കേണ്ടത്.

ലഹരി വസ്തുക്കള്‍ തള്ളിക്കളയുകയും നിഷിദ്ധമാക്കുകയും ചെയ്ത മതമാണ് ഇസ്‍ലാം. ഇതര മത വിഭാഗങ്ങളോട് സഹിഷ്ണുതയോടെ വര്‍ത്തിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച മതമാണിത്. എന്നാല്‍, ലോകത്ത് ഏറ്റവും കൊടിയ പീഡനമുറകള്‍ നേരിടേണ്ടിവന്നതും ഇസ്‍ലാം വിശ്വാസികള്‍ക്കാണ്. മൈത്രിയില്‍ കഴിയുന്ന അമുസ്‍ലിങ്ങളോട് പവിത്രമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും ബഹാഉദ്ദീന്‍ നദ്‍വി പറഞ്ഞു.

സത്യമതത്തെ കുറിച്ച് സ്വന്തം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വരുമ്പോഴാണ് ഇതര മതസ്ഥരെ ജിഹാദും തീവ്രവാദവും ആരോപിച്ച് അനുയായികളോട് ശത്രുത പുലര്‍ത്താന്‍ പരസ്യമായ ആഹ്വാനമുണ്ടാവുന്നത്. എന്നാല്‍ മതങ്ങള്‍ തമ്മില്‍ സൗഹര്‍ദപരമായ സമീപനങ്ങള്‍ പഠിപ്പിക്കാനാണ് ഖത്വീബുമാരും ബിഷപ്പുമാരും സന്യാസിമാരും ശ്രദ്ധപുലര്‍ത്തേണ്ടതെന്നും ബഹാഉദ്ദീന്‍ നദ്വി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ലവ് ജിഹാദിനൊപ്പം ലഹരി ജിഹാദ് കൂടി കണ്ടെത്തിയിരിക്കുകയാണ് പാലാ ബിഷപ്.

കടുത്ത ഇസ്‌ലാം വിരോധികള്‍ നടത്തുന്ന സംസാരങ്ങളോട് സമാനമായ രീതിയിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വചന സന്ദേശം. നീതിപീഠം പോലും തിരസ്‌കരിച്ച ലവ് ജിഹാദ് വിഷയം വീണ്ടുമുയര്‍ത്തി രംഗം കൂടുതല്‍ വര്‍ഗീയമാക്കാനുള്ള ബിഷപിന്റെ നീക്കം ഏറെ ഗൗരവതരമുളളതാണ്.

കേരളത്തില്‍ എജ്യുക്കേഷണല്‍ ജിഹാദ്, കള്‍ച്ചറല്‍ ജിഹാദ്, ബിസിനസ് ജിഹാദ് എന്നിവ കൂടി സജീവമായിട്ടുണ്ടെന്ന കാര്യം അടുത്ത വചന സന്ദേശത്തില്‍ ഉള്‍പെടുത്തുന്നതായിരിക്കും വിശ്വസികളെ വശീകരിക്കാന്‍ ബിഷപിന് ഏറ്റവും നല്ലത്.

മദ്യ- ലഹരി വസ്തുക്കളെ നിശ്ശേഷം തള്ളിക്കളയുകയും നിഷിദ്ധമാക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം.

മതങ്ങള്‍ക്കിടയില്‍ ക്രിയാത്മകവും സൗഹാര്‍ദ്ദപൂര്‍ണവുമായ സംവാദങ്ങള്‍ക്കാണ് പണ്ഡിതര്‍ നേതൃത്വം നല്‍കേണ്ടത്. ജനാധിപത്യവ്യവസ്ഥിതിയുള്ള രാജ്യത്ത് ഇതര മതസ്ഥരോട് അനുവര്‍ത്തിക്കേണ്ട സൗഹാര്‍ദപരമായ സമീപനരീതികള്‍ സംബന്ധിച്ചാണ് ഖഥ്വീബുമാരും ബിഷപുമാരും സന്യാസിമാരുമൊക്കെ സംബോധിതരെ പഠിപ്പിക്കേണ്ടതും.

ഒരു മതവും മറ്റു മതത്തെ ശരിവെക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വസ്തുത. നാം പ്രതിനിധാനം ചെയ്യുന്നതാണ് സത്യമതം എന്നു വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട്, അവര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കു മതിയായ ഉത്തരമോ സര്‍മത്ഥനമോ ഇല്ലാതിരിക്കുമ്പോഴാണ് ജിഹാദും തീവ്രവാദവും പറഞ്ഞ് ഭൂമിലോകത്തെ യാഥാര്‍ഥ മതത്തെ കരിവാരി തേക്കാനും അതിന്റെ അനുയായികളോട് ശത്രുത പുലര്‍ത്താനുമുള്ള പരസ്യമായ ആഹ്വാനവുമുണ്ടാവുക.

ലോക ചരിത്രം പരിശോധിച്ചാല്‍ ഇതര മത വിഭാഗങ്ങളോട് സഹിഷ്ണതയോടെ വര്‍ത്തിക്കണമെന്ന് നിരന്തരം ഉദ്‌ബോധിപ്പിച്ച മതം ഇസ്‌ലാം മാത്രമാണ്. എന്നാല്‍ മറ്റു മതാനുയായികളില്‍ നിന്ന് കൊടിയ പീഡനമുറകളും നിഷ്‌കാസനങ്ങളും നേരിടേണ്ടി വന്നത് മുസ്‌ലിംകള്‍ക്കുമാണ്.

വിശ്വാസികള്‍ക്ക് സത്യസന്ധതയും നീതിബോധവും ധാര്‍മികതയും പഠിപ്പിക്കുന്നതിനു പകരം ഒരു മതത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വിദ്വേഷവും വിരുദ്ധതയും സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രബുദ്ധ കേരളം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

മൈത്രിയില്‍ കഴിയുന്ന അമുസ്‌ലിംകളുമായി പവിത്രമായ ബന്ധങ്ങളും നീതിപൂര്‍വമായ നയനിലപാടുകളും വേണം എന്നതാണ് വിശുദ്ധ ഖുര്‍ആന്റ താത്പര്യമെന്ന് (60:8) ഉന്നര്‍ത്തട്ടെ.

Similar Posts