< Back
Kerala
Bahauddin Nadvi responds to Naser Kollais allegations
Kerala

'കാക്കനാടന്റെ കൂടെ യാത്ര ചെയ്തിട്ടില്ല, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല'; നാസർ കൊളായിയുടെ ആരോപണത്തിന് മറുപടിയുമായി ബഹാഉദ്ദീൻ നദ്‌വി

Web Desk
|
18 Sept 2025 9:32 PM IST

നദ്‌വി ലഹരി ഉപയോ​ഗിക്കുന്ന ആളാണ് എന്നായിരുന്നു ഒരു പുസ്തകം ഉദ്ധരിച്ച് നാസർ കൊളായിയുടെ ആരോപണം

മലപ്പുറം: സിപിഎം നേതാവ് നാസർ കൊളായിയുടെ ആരോപണത്തിന് മറുപടിയുമായി ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ബഹാഉദ്ദീൻ നദ്‌വി. കാക്കനാടന്റെ കൂടെ താൻ യാത്ര ചെയ്തിട്ടില്ല, അദ്ദേഹത്തെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല. തന്റെ പുസ്തകം ആർക്കെങ്കിലും നൽകി സ്വയം പരിചയപ്പെടുത്തുന്ന രീതി തനിക്കില്ലെന്നും നദ്‌വി പറഞ്ഞു.

1985ൽ തനിക്ക് 35 വയസ്സിൽ താഴെയാണ് പ്രായം. അന്ന് തനിക്ക് നരച്ച താടിയില്ല, ജുബ്ബ ധരിക്കാറില്ല. ആ കാലത്ത് കർണാടകയിലൂടെ ടൂറിസ്റ്റ് ബസ്സിൽ താൻ യാത്ര ചെയ്തിരുന്നില്ല. ജീവിതത്തിൽ ഒരിക്കലും താൻ മദ്യപിച്ചിട്ടില്ല. ഈ സംഭവം നിഷേധിച്ച് ആ കാലത്ത് തന്നെ ചന്ദ്രിക പത്രത്തിൽ എഴുതിയിരുന്നു. താൻ മടവൂരിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ഈ ആരോപണം വീണ്ടും ഉയരാൻ കാരണം. തന്നെ അടിക്കാൻ കിട്ടിയ വടിയായി ചില തത്പര കക്ഷികൾ ഇത് ഉപയോഗിക്കുകയാണെന്നും നദ്‌വി പറഞ്ഞു.

നാസർ കൊളായി പറഞ്ഞത്

പൂർണ പബ്ലിക്കേഷനിൽ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് 'കുടജാദ്രിയിൽ'. ഇത് എഴുതിയാളുടെ പേര് കാക്കനാടൻ. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്. ബസ് വീണ്ടും നീങ്ങി. 'ഒരു ബസിലുളള യാത്രയാണ്. ആര്, കാക്കനാടൻ ബസിൽ യാത്ര ചെയ്യുന്നു. ബസിൽ കുറെ യാത്രക്കാരുണ്ട്'.

'ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകർഷിച്ചു. അടുത്ത സീറ്റിലിരുന്ന പുരുഷനോട്, അപരിചിതനായ പുരുഷനോട് അവൾ സംസാരിക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്തു. അവൾ ബസിൽ നിറയാൻ തുടങ്ങി. അവളിൽ നിന്ന് എന്റെ ശ്രദ്ധ പിടിച്ചെടുത്തത് മുൻ സീറ്റിലിരുന്ന മധ്യവയസ്‌കനായൊരു മുസ്‌ലിമാണ്. വട്ടമുഖം, നരവീണ് തുടങ്ങിയ താടി, തലപ്പാവ്, ജുബ്ബ, മുണ്ട്. എന്റെ കൈവശമുണ്ടായിരുന്ന ചില ലഘുഗ്രന്ഥങ്ങൾ അദ്ദേഹം വാങ്ങിനോക്കി.

അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ആദ്യ സമ്പർക്കമുണ്ടായത്. സംസാരിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ പ്രവൃത്തിയിൽ അത്ര വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുൻസീറ്റിലിരുന്ന ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം, വിശുദ്ധന് ചേർന്നതായി തോന്നിയില്ല.

ചിലപ്പോൾ എന്റെ നോട്ടപ്പിശക് ആകാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരി പദാർഥം പുള്ളിയുടെ ഉള്ളിൽകിടന്ന് കളിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിന് നാവ് കുഴക്കാൻ വേണ്ടത്ര ലഹരിയുണ്ടോ? ഇസ്‌ലാമും ക്രിസ്തുമതവും എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാൻ കണ്ടുപിടിച്ചത്. ഗ്രന്ഥകർത്താവിന്റെ പേര് ബഹാഉദ്ദീൻ കൂരിയാട്- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ

Similar Posts