
ഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന് പാസ്റ്റർക്ക് ബജ്റംഗ് ദൾ പ്രവർത്തകരുടെ ഭീഷണി; സ്വമേധയാ കേസെടുത്ത് സുൽത്താൻ ബത്തേരി പൊലീസ്
|പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി
വയനാട്: ഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന ബജ്റംഗ് ദൾ പ്രവർത്തകരുടെ ഭീഷണിയിൽ സ്വമേധയാ കേസെടുത്ത് സുൽത്താൻ ബത്തേരി പൊലീസ്. പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. കലാപാഹ്വാനം, സംഘം ചേർന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ.
ഇന്നലെയാണ് സുൽത്താൻ ബത്തേരിയിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണി മുഴക്കിയ വിഡിയോ പുറത്തുവന്നത്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽവെച്ച് ബജ്റംഗ് ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്.
എന്തിനാണ് ഹിന്ദു വീടുകളിൽ കയറുന്നത് എന്ന് ചോദിച്ച ബജ്റംഗ് ദൾ പ്രവർത്തകർ ഇനിയും ഹിന്ദു വീടുകളിൽ കയറിയാൽ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അതിനിടെ ഒരു പ്രവർത്തകൻ പാസ്റ്ററെ അടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.