< Back
Kerala
caste discrimination controversy,kerala,kazhakam,Koodalmanikyam temple,കൂടല്‍മാണിക്യം ക്ഷേത്രം,ജാതിവിവേചനം,
Kerala

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; തസ്തികമാറ്റം ആവശ്യപ്പെട്ട് കഴകക്കാരൻ കത്ത് നൽകി

Web Desk
|
13 March 2025 12:18 PM IST

തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാൻ ബാലുവിനോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ചെയര്‍മാന്‍

തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിൽ തസ്തികമാറ്റം ആവശ്യപ്പെട്ട് കഴകക്കാരൻ വി.എ ബാലു കത്ത് നൽകിയതായി ദേവസ്വം ചെയർമാൻ സി.കെ ഗോപി. തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാൻ ബാലുവിനോട് ആവശ്യപ്പെടും.

താൽക്കാലിക വർക്ക് അറേഞ്ച് മെന്റിന് അഡ്മിനിസ്ട്രേറ്റർക്ക് അധികാരം ഉണ്ട്. എന്നാൽ ഇതിനോട് ഭരണസമിതിക്ക് യോജിപ്പില്ല. അടുത്ത ആഴ്ച ചേരുന്ന ഭരണസമിതി യോഗം ബാലുവിന്റെ കത്ത് ചർച്ച ചെയ്യുമെന്നും സി.കെ ഗോപി പറഞ്ഞു.

ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനമെന്നും ബാലു പ്രതികരിച്ചിരുന്നു.

തൻറെ നിയമനത്തിൽ തന്ത്രിമാർക്ക് താൽപ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയിൽ പ്രവേശിക്കും. വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കി.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകിയിരുന്നു.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണമെന്നാണ് വിമര്‍ശനം.



Similar Posts