< Back
Kerala
Batheri bank
Kerala

ബത്തേരി നിയമനക്കോഴ; മൂന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

Web Desk
|
9 Jan 2025 7:40 AM IST

പ്രാദേശിക കോൺഗ്രസ് നേതാക്കളായ സി.ടി ചന്ദ്രൻ,കെ.എം വർഗീസ് കോൺഗ്രസ് നടപടി എടുത്ത കെ.കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കേസ്

വയനാട്: സുൽത്താൻ ബത്തേരി നിയമന കോഴയിൽ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. അമ്പലവയൽ -ആനപ്പാറ സ്വദേശി ഷാജിയുടെ പരാതിയിൽ ആണ് മൂന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തത്. പ്രാദേശിക കോൺഗ്രസ് നേതാക്കളായ സി.ടി ചന്ദ്രൻ,കെ.എം വർഗീസ് കോൺഗ്രസ് നടപടി എടുത്ത കെ.കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കേസ്. ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ മകന് ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് പ്രസിഡന്‍റ് ആയിരുന്ന ഗോപിനാഥൻ 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.

ഇന്നലെ അഞ്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എഫ് ഐആറില്‍ എന്‍.എം വിജയന്‍റെ പേരുമുണ്ട്. വിജയന്‍റെ ആത്മഹത്യാക്കുറിപ്പും നേതാക്കൾക്ക് അദ്ദേഹം എഴുതിയ കത്തുകളും അന്വേഷണ സംഘം ശാസ്ത്രീയപരിശോധനക്ക് അയക്കും.

അതിനിടെ കെപിസിസി നിയോഗിച്ച അന്വേഷണ ഉപസമിതി വയനാട്ടിലെത്തിയിരുന്നു. വിജയന്‍റെ മരണത്തിനുശേഷം കുടുംബത്തെ വിശ്വാസത്തിലെടുക്കുന്നതിൽ ചില വീഴ്ചകളുണ്ടായെന്ന് സമിതിയംഗം സണ്ണി ജോസഫ് പറഞ്ഞു. വിജയന്‍റെ കുറിപ്പും കത്തുകളും വ്യാജമാണെന്ന ആരോപണം ചില കേന്ദ്രങ്ങളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താനുള്ള തീരുമാനം.

കുറിപ്പുകൾ വിജയന്‍റേതാണെന്ന് ഉറപ്പാക്കിയാൽ കത്തിൽ പേരുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടിവരും. ഔദ്യോഗിക രേഖകളിലോ മിനിട്സുകളിലോ മറ്റ് ഉറപ്പാക്കാവുന്ന പ്രമാണങ്ങളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷര ങ്ങൾ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെയും കത്തുകളിലെയും കയ്യക്ഷരവുമായി ഒത്തുനോക്കും. ശാസ്ത്രീയ പരിശോധന നടത്തിയശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കും.



Similar Posts