പട്ടാപ്പകൽ ബാങ്ക് കൊള്ള: പ്രതിയെ കുറിച്ച് തുമ്പില്ലാതെ പൊലീസ്
|ഇന്നലെ ഉച്ചക്കാണ് ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് കവർന്നത്
ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പോട്ട ബാങ്കിൽ കവർച്ച നടത്തിയ പ്രതിയെക്കുറിച്ച് ഒരു തുമ്പുമില്ലാതെ പൊലീസ്. പ്രതിയെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയുടെ നമ്പറും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പ്രതി കവർച്ചക്കുശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിനെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. പക്ഷേ പ്രതിക്ക് ഒരു മുഖമില്ലാത്തത് പൊലീസിനെ വലക്കുന്നത്. ദേശീയപാതയിൽ നിന്നും പോട്ട സിഗ്നൽ കടന്നാണ് വന്നതെന്നും കവർച്ച നടത്തിയതിനുശേഷം ഇടറോഡ് വഴിയാണ് രക്ഷപ്പെട്ടത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കവർച്ചയ്ക്കുശേഷം പ്രതി അങ്കമാലിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പക്ഷേ ഇതിലും പ്രതിയുടെ മുഖം വ്യക്തമല്ല.
പ്രതി ഉപയോഗിച്ചിരുന്ന എൻ ടോർക്ക് ബൈക്കിനെക്കുറിച്ചും പൊലീസിന് വിവരമില്ല. ബാങ്കിനു മുൻപിലെ സിസിടിവിക്ക് ക്യാളിറ്റി കുറവായതാണ് വണ്ടിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിന് തിരിച്ചടിയായത്. ജില്ലയ്ക്ക് പുറത്തേക്കിടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ഹിന്ദിയിലാണ് പ്രതി സംസാരിച്ചത്. പക്ഷേ അത് കൊണ്ട് മാത്രം പ്രതി ഇതര സംസ്ഥാനക്കാരനാണെന്ന് ഉറപ്പിക്കാനും കഴിയില്ല. ഒരുപാട് ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് അന്വേഷണസംഘം.
ഇന്നലെ ഉച്ചക്കാണ് ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് കവർന്നത്.