< Back
Kerala
ബാറുകളുടെ പ്രവർത്തന സമയമാറ്റം; തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തെയോ മുന്നണിയെയോ അറിയിക്കാതെ
Kerala

ബാറുകളുടെ പ്രവർത്തന സമയമാറ്റം; തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തെയോ മുന്നണിയെയോ അറിയിക്കാതെ

Web Desk
|
18 Feb 2026 8:34 AM IST

മദ്യനയത്തിൽ തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാർ

തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയമാറ്റത്തിൽ തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തെയോ മുന്നണിയെയോ അറിയിക്കാതെ. അതിവേഗത്തിലുള്ള ഫയൽ നീക്കം കഴിഞ്ഞ വർഷം ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷൻ നൽകിയ അപേക്ഷയിൽ. മദ്യനയത്തിൽ തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാർ.

സർക്കാർ തീരുമാനത്തിൽ കടുത്ത പ്രതിഷേധവുമായി ക്രൈസ്തവസഭകൾ രംഗത്തുവന്നു. സർക്കാരിൻറെ അബ്കാരി പ്രീണന നയം കേരളത്തെ നശിപ്പിക്കുമെന്ന് കെസിബിസി വിമർശിച്ചു.തലമുറയെ നശിപ്പിക്കുകയാണ് സർക്കാർ എന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആരോപിച്ചു. ബാർ മുതലാളിമാർക്ക് വേണ്ടി തലമുറയെ നശിക്കുന്നു. അമ്മമാരുടെ കണ്ണീരിനെക്കാൾ വലുതാണോ ബാർ മുതലാളിമാരുടെ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു. തലമുറയെ നശിപ്പിച്ചിട്ടു വേണോ ഖജനാവ് വീർപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത നിൽക്കുമ്പോൾ ഇത് ചെയ്യുന്നത് സംശയകരം. ഇതിൽ ഓർത്തഡോക്സ് സഭ പ്രതിഷേധം നടത്തും. വിമുക്തി പദ്ധതി രാവും പകലും നടത്തിയിട്ട് രാത്രിയും പകലും ബാർ തുറന്നു വെക്കുന്നുവെന്നും ബിജു ഉമ്മൻ വിമർശിച്ചു.

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയതുവഴി ബാറിൽ കിടന്ന് ഉറങ്ങണമെന്നാണോ സർക്കാർ പറയുന്നത്. സർക്കാർ നയം ആശങ്കാജനകം.നയം കേരളത്തിൻ്റെ സംസ്കാരത്തിന് ചേരുന്നതല്ലെന്നും പട്ടായ മോഡൽ നടപ്പാക്കാൻ ശ്രമമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മദ്യനയം പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ബാറുടമകളുടെ കാലങ്ങളായുള്ള ആവശ്യമാണ് ഡ്രൈഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തിസമയം കൂട്ടണം എന്നിവ.പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന സമയത്ത് ബാറുകളുടെ പ്രവർത്തിസമയം കൂട്ടണമെന്ന അഭ്യർത്ഥന സർക്കാരിന്റെ മുന്നിലുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് നടപ്പിലാക്കിയില്ല.

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി ഇന്നലെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. പ്രത്യേകമായി പണമടച്ചാൽ പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് പൂർണസമയം പ്രവർത്തിക്കാം. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇതിനായി അടക്കേണ്ടത്.

ബാറുകളുടെ പ്രവർത്തിസമയം കൂട്ടാനുള്ള ഫയൽ നീക്കം അതിവേഗത്തിലാണ് നടന്നത്. ഫെബ്രുവരി 13ന് ഉദ്യോഗസ്ഥ തലത്തിൽ എത്തിയ ഫയൽ 17ന് ഉത്തരവായി

നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാമെന്നായിരുന്നു. എന്നാൽ സമീപപ്രദേശത്തുള്ള ബാറുകൾക്ക് ഇതു ബാധകമായിരുന്നില്ല. ഇതിൽ ബാറുടമകൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള ആലോചന നടന്നിരുന്നത്.

2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്കോ ഔട്‌ലെറ്റുകൾക്കു പുറമേയാണിത്.

Similar Posts