< Back
Kerala
ബാര്‍ക് ക്രമക്കേട്; ഡിജിപിയുടെ റിപ്പോർട്ടിനായി കാത്ത് കേന്ദ്രം
Kerala

ബാര്‍ക് ക്രമക്കേട്; ഡിജിപിയുടെ റിപ്പോർട്ടിനായി കാത്ത് കേന്ദ്രം

Web Desk
|
7 Feb 2026 10:27 AM IST

ബാർക്കിലെ ജീവനക്കാരന് കൈകൂലി നൽകി ടിആര്‍പി അനുകൂലമാക്കിയെന്ന കെ.സുധാകരൻ്റെ ചോദ്യത്തിന് ലോക്‌സഭയിലാണ് മറുപടി

ഡൽഹി: ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക്കിലെ ക്രമക്കേട് ആരോപണത്തിൽ ഡിജിപിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ബാർക്കിലെ ജീവനക്കാരന് കൈകൂലി നൽകി ടിആര്‍പി അനുകൂലമാക്കിയെന്ന കെ.സുധാകരൻ്റെ ചോദ്യത്തിന് ലോക്‌സഭയിലാണ് മറുപടി. സ്വതന്ത്ര ഏജൻസി വഴി ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി ബാർക് സർക്കാരിനെ അറിയിച്ചെന്നും കേന്ദ്രസഹമന്ത്രി എൽ.മുരുകന്‍റെ മറുപടി.

ടെലിവിഷൻ ബാർക് തട്ടിപ്പിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണത്തിനായി സൈബർ പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കെടിഎഫ് പ്രസിഡന്‍റ് ആർ.ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ബാർക് തട്ടിപ്പ് ആദ്യം തുറന്നു കാട്ടിയത് മീഡിയവണാണ്.

ബാർക്കിലെ അശാസ്ത്രീയതയും തട്ടിപ്പും തുറന്നുകാട്ടി മീഡിയവൺ പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൂടുതൽ പരാതികൾ ഉയരുന്നത്. കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്‍റും 24 ചാനൽ മേധാവിയുമായ ആർ. ശ്രീകണ്ഠൻ നായരാണ് ബാർക്കിനെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തുന്നത്.

റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക്ക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ശ്രീകണ്ഠൻ നായരുടെ ആരോപണം. മലയാളത്തിലെ മറ്റൊരു ടെലിവിഷൻ ചാനൽ ഉടമയാണ് കൈക്കൂലി നൽകിയത്. ക്രിപ്റ്റോ കറൻസി വഴിയാണ് കൈക്കൂലി നൽകിയതെന്നും ശ്രീകണ്ഠൻ നായർ ആരോപിച്ചിരുന്നു.

ബാർക് കണക്കുകളെക്കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെതുടർന്നായിരുന്നു ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക്കുമായുള്ള ബന്ധം മീഡിയവൺ വിച്ഛേദിച്ചത് . മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക്ക് അധികൃതർക്കായില്ല. വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയായിരുന്നു ബാർക്കിൽ നിന്ന് പിന്മാറാനുള്ള മീഡിയവൺ തീരുമാനം.



Related Tags :
Similar Posts