< Back
Kerala
അർജന്റീന ടീമിന്‍റെ കേരളാ സന്ദർശനം: ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ
Kerala

അർജന്റീന ടീമിന്‍റെ കേരളാ സന്ദർശനം: ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ

Web Desk
|
19 May 2025 9:22 AM IST

ഫുട്‌ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ്

അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പ്. ഫുട്ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.ഫിറ്റ്നസ് ഇല്ലാത്ത കൊച്ചി സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിൽ സാങ്കേതിക തടസവുമുണ്ട്.

അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നൽകുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മന്ത്രി പറഞ്ഞ ദിവസങ്ങളിൽ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്. ബിസിസിഐ എപ്പക്സ് കൗൺസിൽ യോഗത്തിലായിരുന്നു കാര്യവട്ടം സ്പോർട്സ് സ്റ്റേഡിയം വേദിയായി തീരുമാനിച്ചത്.

മൂന്നിലേറെ മത്സരങ്ങൾ ഇവിടെ നടക്കും എന്നായിരുന്നു സൂചന. ഇതിനായുള്ള ഒരുക്കങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ചിരുന്നു. എട്ടുപിച്ച്കളാണ് നിലവിൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. അസോസിയേഷൻ സ്വന്തം ചിലവിൽ ഫ്ലഡ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.ഐസിസി അംഗീകാരം ലഭിച്ചശേഷം മത്സരങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ മന്ത്രി ഒരുങ്ങുന്നത്.

ഇതോടെയാണ് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടത്തിയാൽ അംഗീകാരം റദ്ദ് ചെയ്യുമെന്ന ബിസിസിഐ മുന്നറിയിപ്പ്. കൊച്ചി കലൂർ സ്റ്റേഡിയത്തിലും അർജന്റീനയുടെ മത്സരങ്ങൾ നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. സ്റ്റേഡിയത്തിന്റെ സുരക്ഷാ വീഴ്ചകൾ തന്നെയാണ് പ്രധാന കാരണം. സ്റ്റേഡിയത്തിന് ചുറ്റും കടകൾ പ്രവർത്തിക്കുന്നതും കളിക്കാരും കാണികളും ഒരേ വഴിയിലൂടെ പ്രവേശിക്കുന്നതും ഫിഫ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്കും തൂണുകൾക്കും ബലക്ഷയം ഉണ്ടെന്ന സംശയത്തെ തുടർന്ന് അകത്തേക്ക് പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണവും ഉണ്ട്. ഇതോടെ അർജന്റീന വന്നാലും എവിടെ കളിക്കും എന്നത് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.


Similar Posts