
'വിശ്വാസികൾക്ക് എതിർപ്പുണ്ടായിട്ടും കുർബാനയിൽ മാറ്റം വരുത്തി' ; ഡൽഹിയിൽ പ്രതിഷേധവുമായി വിശ്വാസികൾ
|ഡൽഹി ടാഗോർ ഗാർഡനിലെ നിർമ്മല ഹൃദയ ചർച്ചിലാണ് സംഭവം
ന്യൂഡല്‍ഹി: ഡൽഹിയിൽ കുർബാന ക്രമത്തിലെ മാറ്റത്തിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. ഒരു വിഭാഗം വിശ്വാസികൾ കുർബാന ബഹിഷ്കരിച്ചു. ഡൽഹി ടാഗോർ ഗാർഡനിലെ നിർമ്മല ഹൃദയ ചർച്ചിലാണ് സംഭവം. വിശ്വാസികൾക്കെതിർപ്പുണ്ടായിട്ടും ഫരീദാബാദ് അതിരൂപത കുർബാനയിൽ മാറ്റം വരുത്തി എന്നാണ് ആരോപണം.
ജനാഭിമുഖ കുര്‍ബാന വേണ്ടെന്നും ഏകീകൃത കുര്‍ബാന വേണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു. ഏകീകൃത കുര്‍ബാനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചെന്നും വിശ്വാസികള്‍ പറയുന്നു. 'വൈദികരും വിശ്വാസികളും ഒരുപോലെ അൾത്താരയിലേക്ക് തിരിഞ്ഞ് കുമ്പിടുന്ന ഏകീകൃത ബലിതർപ്പണമാണ് സിറോ മലബാർ സഭക്കുള്ളത്. എല്ലാ രൂപതയിലും ഇതുപോലെയാണ് നടക്കുന്നത്. എന്നാൽ ഇവിടെ പുതിയ വികാരികൾ വന്നതിന് ശേഷമാണ് പെട്ടന്ന് മാറ്റമുണ്ടായത്. പ്രാർഥനാ സമയത്ത് വൈദികൻ ജനങ്ങളെ നോക്കി കുമ്പിടുകയും ജനങ്ങൾ അൾത്താരയിലേക്ക് കുമ്പിടുന്ന രീതിയാണ് നടക്കുന്നത്'.ഇതിനെയാണ് എതിർക്കുന്നതെന്നും വിശ്വാസികൾ പറഞ്ഞു.
മാർപാപ്പയുടെ നിർദേശം പാലിക്കുന്നില്ലെന്നും വിശ്വാസികൾക്കെതിർപ്പുണ്ടായിട്ടും ഫരീദാബാദ് രൂപത കുർബാനയിൽ മാറ്റം വരുത്തി എന്നുമാണ് വിശ്വാസികൾ ആരോപിക്കുന്നത്. സിനട് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന വേണമെന്നാണ് ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യം.