< Back
Kerala
CPI Kottayam,Bharatamba,bharatamba controversy,സിപിഐ കേരള,ഭാരതാംബ വിവാദം,കേരള, സിപിഐ കോട്ടയം
Kerala

സിപിഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം; മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

Web Desk
|
10 Jun 2025 9:58 AM IST

വിവാദം ഒഴിവാക്കാനാണ് പോസ്റ്റർ പിൻവലിച്ചതെന്ന് ജില്ലാ സെക്രട്ടറി വി.ബി ബിനു

കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം. സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ പോസ്റ്റർ പിന്നീട് പിൻവലിച്ചു. വിവാദം ഒഴിവാക്കാനാണ് പോസ്റ്റർ പിൻവലിച്ചതെന്ന് ജില്ലാ സെക്രട്ടറി വി.ബി ബിനു മീഡിയവണിനോട് പറഞ്ഞു. കോട്ടയം മണ്ഡലം സമ്മേളനത്തിന്‍റെ പോസ്റ്ററിലാണ് ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത് സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നുമാണ് സിപിഎ നല്‍കുന്ന വിശദീകരണം.

നേരത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ നിർബന്ധം പിടിച്ചത് വിവാദമായിരുന്നു. എന്നാൽ ഇതിനു തയാറാകാത്ത സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ സ്വന്തം നിലയ്ക്കു പരിപാടി നടത്തി പുഷ്പാർച്ചന നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിവാദങ്ങൾക്ക് വഴിതെളിയുന്നത്. ഗവർണർക്കെതിരെ സിപിഐ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.

രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകർ മന്ത്രിയുടെ ആലപ്പുഴയിലെ വസതിയിലേക്ക് നടത്തിയ മാർച്ച്‌ സിപിഐ തടയുകയും ചെയ്തിരുന്നു. മന്ത്രിയുടെ നൂറനാട്ടെ വീടിനു മുന്നിൽ ഭാരതാംബയെ പൂജിക്കാനുള്ള ശ്രമമാണ് സിപിഐ തടഞ്ഞത്. ഇതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.


Similar Posts